തിരുവനന്തപുരം: തന്റെ രാജിയെത്തുടര്‍ന്ന് ഒഴിവുവരുന്ന നിലമ്പൂരില്‍ വീണ്ടും മത്സരിക്കില്ലെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് നിരുപാധിക പിന്തുണ നല്‍കും. മലയോര മേഖലയില്‍ വന്യജീവി പ്രശ്‌നങ്ങള്‍ നേരിട്ട് അനുഭവിക്കുന്ന ക്രിസ്ത്യന്‍ സമുദായത്തിന്റെ പ്രതിനിധി എന്ന നിലയില്‍ മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്നും അന്‍വര്‍ യു.ഡി.എഫിനോട് അഭ്യര്‍ഥിച്ചു.
‘ഞാന്‍ നിലമ്പൂരില്‍ മത്സരിക്കുന്നില്ല. യു.ഡി.എഫ്. നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് മുഴുവന്‍ ശക്തിയും ഉപയോഗിച്ച് നിരുപാധികമായി പിന്തുണ നല്‍കും. പിണറായിസത്തിനെതിരായ അവസാനത്തെ ആണിയായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് മാറണം. സ്പീക്കര്‍ രാജി സ്വീകരിച്ചാല്‍ ബംഗാളില്‍ പോയി മമതയെ കണ്ട് അംഗത്വം സ്വീകരിച്ച ശേഷം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോവും. പിണറായിസത്തിന്റെ അവസാനം നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലായിരിക്കും’, അന്‍വര്‍ പറഞ്ഞു.
452 ദിവസമാണ് പിണറായിസത്തിന് ബാക്കിയുള്ളത്. ആരും അധികം കൊമ്പുകോര്‍ക്കണ്ട. അതിന്റെ കൗണ്ട്‌ഡൗണ്‍ ഇന്ന് ആരംഭിക്കുകയാണ്. പി.വി. അന്‍വര്‍ പാര്‍ട്ടിയില്‍നിന്ന് പോയിട്ട് ഒരുരോമം പോയില്ലല്ലോ എന്ന് പറഞ്ഞ ആളുകള്‍ ഉണ്ട്. അത് നമുക്ക് കാണാം. അത് കാണാന്‍ പോകുന്ന പൂരമാണ്. നിലമ്പൂര്‍ മലയോര മേഖലയാണ്. ഇവിടുത്തെ വിഷയങ്ങള്‍ കൃത്യമായി അറിയുന്ന വ്യക്തിയെ ആയിരിക്കണം യുഡിഎഫ് മത്സരിപ്പിക്കേണ്ടത്. മലയോര മേഖലയിലുള്ളത് ക്രിസ്ത്യന്‍ സമുദായമാണ്. അവരെയാണ് വനം- വന്യജീവി പ്രശ്‌നങ്ങള്‍ ബാധിക്കുന്നത്. മലയോര- ക്രിസ്ത്യന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ കൃത്യമായി മനസിലാക്കുന്ന വ്യക്തിയെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കണം. കൃത്യമായ അഭ്യര്‍ഥന യുഡിഎഫിന് മുന്നില്‍ വെക്കുകയാണ്. ക്രിസ്ത്യന്‍ സമുദായത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.