തൃശൂര്‍: പാലയൂർ സെൻ്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം എസ്.ഐ ഇടപെട്ട് തടഞ്ഞ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സി.പി.എം രംഗത്ത്. സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയ്ക്ക് കത്ത് കൈമാറി. പാലയൂര്‍ പള്ളിയിലെ കരോള്‍ ഗാന പരിപാടിയാണ് ക്രിസ്മസ് തലേന്ന് രാത്രി ചാവക്കാട് എസ്.ഐ വിജിത്ത് കെ വിജയൻ തടഞ്ഞത്. എസ്.ഐക്കെതിരെ നടപടി വേണമെന്ന് ആവശ്യം ശക്തമായതോടെ കഴിഞ്ഞദിവസം എസ്.ഐ വിജിത്ത് കെ വിജയനെ വീടിന് സമീപത്തെ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. എസ്.ഐയക്ക് ‘ഇഷ്ട സ്ഥലംമാറ്റം’ നൽകിയതിന് പിന്നാലെയാണ് സി.പി.എം ഇടപെടൽ. സി.പി.എമ്മിന്‍റെ പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ട പ്രകാരമാണ് ജില്ലാ സെക്രട്ടറി വിഷയത്തിൽ ഇടപ്പെട്ടത്. നിലവിൽ ശബരിമല ഡ്യൂട്ടിയിലുള്ള വിജിത്തിനെ ഇതിനുശേഷം തൃശൂര്‍ എരുമപ്പെട്ടി എസ്.ഐ ആയി നിയമിക്കാനാണ് ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്.ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എ എൻ.കെ അക്ബറും സി.പി.എം പ്രാദേശിക നേതൃത്വവും മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കളും നേരത്തെ രംഗത്തെത്തിയിരുന്നു. സി.പി.എം ചാവക്കാട് ഏരിയാ സെക്രട്ടറി ടി.ടി. ശിവദാസ് എസ്.ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട പ്രസ്താവനയും നടത്തിയിരുന്നു. മൈക്കിലൂടെ കരോൾ ഗാനം പാടാൻ പൊലീസ് അനുവദിച്ചില്ലെന്നാണ് പള്ളി ട്രസ്റ്റ് ഭാരവാഹികളുടെ ആരോപണം. പരിപാടി തുടർന്നാൽ പള്ളി മുറ്റത്തെ വേദിയിൽ ഒരുക്കിയ നക്ഷത്രങ്ങൾ ഉൾപ്പെടെ എല്ലാം തൂക്കിയെറിയുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയതായും ട്രസ്റ്റി അംഗങ്ങൾ ആരോപിച്ചിരുന്നു.
ചാവക്കാട് എസ്.ഐക്ക് വീടിനടുത്തേക്ക് ‘ഇഷ്ട സ്ഥലംമാറ്റം’, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് കത്ത് കൈമാറി സി.പി.എം
RELATED ARTICLES