Thursday, November 28, 2024

സ്റ്റേഷനിൽ കൊണ്ടുവന്നതിന് പോലീസിനോട് ദേഷ്യം; സ്റ്റേഷനിലുണ്ടായിരുന്ന വാഹനങ്ങൾക്ക് തീയിട്ട പ്രതി അറസ്റ്റിൽ

പാലക്കാട് : മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് വാളയാർ പോലീസ് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനിൽനിന്ന് തിരികെ പോകുന്നതിനിടെ കസ്റ്റഡിയിലുണ്ടായിരുന്ന വാഹനങ്ങൾക്ക് തീയിട്ടു. സ്റ്റേഷന് മുന്നിൽ ദേശീയപാതയിൽ മേൽപ്പാലത്തിനു താഴെ നിർത്തിയിട്ടിരുന്ന രണ്ട് പിക്കപ്പ് വാനുകൾ പൂർണമായും കത്തിനശിച്ചു. പ്രതി ചുള്ളിമട സ്വദേശി പോൾരാജിനെ (35) വാളയാർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് ഇയാൾ തീവെച്ചത്. വനപ്രദേശത്ത് മാലിന്യം തള്ളാൻ കൊണ്ടുപോയിരുന്ന പിക്കപ്പ് വാനുകൾ കോടതി നിർദേശപ്രകാരം പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്നു. ഈ വാഹനങ്ങളാണ് കത്തിനശിച്ചത്. പോലീസുകാരും കഞ്ചിക്കോട് അഗ്നിരക്ഷാസേനയും ചേർന്ന് എട്ടരയോടെ തീയണച്ചു. വൈകീട്ട് ആറുമണിയോടെയാണ് പോൾരാജിനെ വാളയാർ പോലീസ് കസ്റ്റഡിയിലെടുത്തത്. ചുള്ളിമടയിലെ പലചരക്ക് കടയ്ക്കുമുന്നിൽ മദ്യപിച്ച് ബഹളം വെയ്ക്കുകയും ആളുകളോട് വഴക്കിടുകയും ചെയ്തെന്ന പരാതിയെത്തുടർന്നായിരുന്നു ഇത്. ചോദ്യം ചെയ്യലിനുശേഷം ബന്ധുക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അവരോടൊപ്പം വിട്ടയച്ചു. പോൾരാജിന്റെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. പോകുംവഴിയാണ് തീയിട്ടത്.
സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിന്റെ വൈരാഗ്യത്തിൽ ഇയാൾ വാഹനങ്ങൾക്ക് തീയിടുകയായിരുന്നെന്ന് വാളയാർ എസ്.എച്ച്.ഒ. എൻ.എസ്. രാജീവ് പറഞ്ഞു. പ്രതി ഒറ്റയ്ക്കാണോ തീയിട്ടതെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം

RELATED ARTICLES
- Advertisment -

Most Popular

Recent Comments