കൊച്ചി: ചികിത്സപ്പിഴവുണ്ടായി എന്ന പരാതിയുടെപേരിൽ നഴ്‌സുമാരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടി പാടില്ലെന്ന് ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കി മൂന്നുമാസത്തിനുള്ളിൽ സർക്കാർ സർക്കുലർ പുറപ്പെടുവിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.
ചേർത്തല താലൂക്ക് ആശുപത്രിയിലെ താത്‌കാലിക നഴ്‌സായിരുന്ന യുവതിയുടെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് പോലീസ് രജിസ്റ്റർചെയ്ത കേസ് റദ്ദാക്കിയാണ് ഉത്തരവ്. 10 വയസ്സുള്ള കുട്ടിക്ക് ചികിത്സനൽകുന്നതിൽ വീഴ്ചയുണ്ടായി എന്നായിരുന്നു പരാതി.
രോഗീപരിചരണത്തിനായി രാവുംപകലും പ്രവർത്തിക്കുന്ന നഴ്‌സുമാരുടെ സേവനം അംഗീകരിക്കപ്പെടണമെന്ന് കോടതി പറഞ്ഞു.
ചികിത്സപ്പിഴവിനെക്കുറിച്ചുള്ള പരാതിയിൽ ഡോക്ടർമാരുടെപേരിൽ കേസെടുക്കുന്നതിന് മുൻപ് വിദഗ്ധാഭിപ്രായം തേടണമെന്ന് സുപ്രീംകോടതി നിർദേശമുണ്ട്. സമാന പരിരക്ഷ നഴ്‌സുമാർക്കും ഉറപ്പാക്കണം. ഡോക്ടർമാരുടെ കാര്യത്തിൽ 2008-ൽ പുറപ്പെടുവിച്ച സർക്കുലറിന് സമാനമായ സർക്കുലർ പുറപ്പെടുവിക്കാനാണ് കോടതി നിർദേശിച്ചത്.