ചാവക്കാട്: ചാവക്കാട് നഗരസഭയുടെ വഴിയിട വിശ്രമ കേന്ദ്രത്തിൻ്റെ ഭാഗമായുള്ള ശൗച്യാലയം നവീകരണത്തിന്റെ പേരിൽ അടച്ചിട്ടിരിക്കെ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ ഉൾപ്പെടെയുള്ളവർ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ എവിടെയാണ് പോകേണ്ടതെന്ന് നഗരസഭാ ചെയർപേഴ്സൺ വ്യക്തമാക്കണമെന്ന് ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി എം.എസ് ശിവദാസ്. ശൗച്യാലയം നവീകരിക്കുന്നതിനെയല്ല ഐ.എൻ.ടി.യു.സി എതിർക്കുന്നത്. നവീകരണത്തിനായി ശൗച്യാലയം അടച്ചിടുമ്പോൾ പകരം സംവിധാനം ഒരുക്കാത്തതിലാണ് ഐ.എൻ.ടി.യു.സി പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനു മറുപടി പറയുന്നതിന് പകരം ഐ.എൻ.ടി.യു.സി പ്രതിഷേധം കോമാളി നാടകമാണെന്ന് പറയുന്ന നഗരസഭ ചെയർപേഴ്സൺ സ്വയം കോമാളി ചമയുകയാണെന്നും അദ്ദേഹം ആരോപിച്ചു.