ന്യൂഡൽഹി: വിദ്യാഭ്യാസ അവകാശ നിയമം പാലിക്കാത്ത മദ്രസകൾക്കെതിരേ നടപടിവേണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ കത്തിൽ നടപടിയെടുക്കുന്നതിൽ നിന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളെ വിലക്കി സുപ്രീംകോടതി. കമ്മിഷൻ അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സർക്കാർ സ്വീകരിച്ച നടപടികളും സുപ്രീംകോടതി സ്‌റ്റേ ചെയ്തു.
അംഗീകാരമില്ലാത്ത മദ്രസകളിലെ മുഴുവൻ വിദ്യാർഥികളേയും അംഗീകൃത എയ്ഡഡ് മദ്രസകളിലെ മുസ്‌ലീങ്ങളല്ലാത്ത കുട്ടികളേയും സർക്കാർ സ്‌കൂളിലേക്ക് മാറ്റാനുള്ള യു.പി. സർക്കാരിന്റെ ഉത്തരവാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തത്. കമ്മിഷന്റെ കത്തും അതിൻമേൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നടപടികളും ചോദ്യംചെയ്ത് ജംഇയ്യത്ത് ഉലമ ഐ ഹിന്ദ് നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി.