ചാവക്കാട്: കേന്ദ്ര സർക്കാർ പാർലിമെന്റിൽ അവതരിപ്പിച്ച വഖ്ഫ് ഭേദഗതി ബില്ല് മത സ്വാതന്ത്രത്തിൻമേലുള്ള കടന്നുകയറ്റവും വ്യക്തി സ്വാതന്ത്ര്യത്തിന്റെ നേരെയുള്ള വെല്ലുവിളിയും ഭരണഘടനാ ലംഘനവുമാണെന്ന് എടക്കഴിയൂർ മഹല്ല് ജുമാഅത്ത് കമ്മിറ്റി യോഗം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി. മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിനായി പൂർവ്വ പിതാമഹാന്മാരും ദാനശീലരും നൽകിയ സ്വത്തുക്കൾ നിർണ്ണയിക്കുവാനുള്ള അവകാശം മറ്റു മതസ്ഥരായ സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകുമ്പോൾ ഉണ്ടാവുന്ന ഭാവിഷ്യത്തുകൾ ഗൗരവതരമാണെന്ന് യോഗം വിലയിരുത്തി. വഖ്ഫ് ബോർഡുകളിൽ മറ്റു മതസ്ഥർക്ക് അംഗത്വം നൽകുന്നത് വഴി സമുദായിക താല്പര്യങ്ങൾ നിഷേധിക്കപ്പെടുകയും മറ്റു മതങ്ങളുടെ ബോർഡുകളിലും ഇതര മതസ്ഥർ വേണമെന്ന ആവശ്യം ഉണ്ടാവുകയും ചെയ്യുമ്പോൾ അത് ഇന്ത്യയിലെ മതസൗഹാർദ്ദത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് യോഗം ആശങ്ക രേഖപ്പെടുത്തി. സമൂഹത്തിലെ വിവിധ തുറകളിലുള്ള മതേതര വാദികൾ എതിർക്കുന്ന ഈ ബില്ല് എത്രയും വേഗത്തിൽ പിൻവലിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. മഹല്ല് പ്രസിഡന്റ് ആർ.വി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി മൊയ്‌ദുട്ടി ഹാജി സ്വാഗതം പറഞ്ഞു.