വാടാനപ്പള്ളി: ഒഴിഞ്ഞുകിടക്കുന്ന പറമ്പിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം തള്ളുകയും കത്തിക്കുകയും ചെയ്തതിന് ചാവക്കാട് ഏനാമാവ് റോഡിൽ പ്രവർത്തിക്കുന്ന എം.കെ സൂപ്പർ മാർക്കറ്റിന് കാൽലക്ഷം രൂപ പിഴ. വാടാനപ്പിള്ളി ഗ്രാമപഞ്ചായത്താണ് പിഴ ചുമത്തിയത്. സൂപ്പർമാർക്കറ്റുകാരുടെ ഉടമസ്ഥതയിൽ വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ഏഴാം വാർഡിലുള്ള സ്ഥലത്താണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം തള്ളുകയും കത്തിക്കുകയും ചെയ്തത്. പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് അധികൃതർ പരിശോധനക്കെത്തിയതോടെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നതും കത്തിക്കുന്നതും കൈയോടെ പിടികൂടുകയായിരുന്നു.

തുടർന്ന് മാലിന്യം തള്ളിയ ചാവക്കാട്ടെ സൂപ്പർ മാർക്കറ്റുകാരെക്കൊണ്ട് അവ തിരിച്ചെടുപ്പിക്കുകയും 25,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. സൂപ്പർമാർക്കറ്റിലുണ്ടാകുന്ന മാലിന്യം വലിയ വാഹനങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന പറമ്പിൽ കൊണ്ടുതള്ളുന്നത് പതിവായിരുന്നു. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി തോമസ്, അസി. സെക്രട്ടറി ജെസി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ സുലേഖാ ജമാലു, അംഗം ദിൽ ദിനേശൻ, ഹെൽത്ത് സൂപ്പർവൈസർ കെ. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.