Friday, September 20, 2024

തൃശൂരിൽ ”തീക്കാറ്റിൻ്റെ’ ഭീഷണി; ‘എൻ്റെ പിള്ളേരെ വിട്ടില്ലെങ്കിൽ സ്റ്റേഷൻ ബോംബ് വെച്ച് തകര്‍ക്കും’, ‘ആവേശം’ മോഡല്‍ പിറന്നാളാഘോഷം മുടക്കിയതിനാണ് ഗുണ്ട തീക്കാറ്റ് സാജൻ ഭീഷണി മുഴക്കിയത്

തൃശൂർ: തേക്കിൻകാട് മൈതാനത്ത് സിനിമാസ്റ്റൈലിൽ പിറന്നാളാഘോഷംനടത്താനുള്ള പദ്ധതി പോലീസ് പൊളിച്ചടുക്കിയതിന് പിന്നാലെ ബോംബ് ഭീഷണിയുമായി തൃശ്ശൂരിലെ ഗുണ്ട തീക്കാറ്റ് സാജൻ. ഈസ്റ്റ് പോലീസ് സ്റ്റേഷനും കമ്മീഷണർ ഓഫീസും ബോംബ് വെച്ച് തകർക്കുമെന്നാണ് സാജൻ ഭീഷണി മുഴക്കിയത്. തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്കായിരുന്നു ഇയാളുടെ ഭീഷണി ഫോൺകോൾ. എന്നാൽ, ഈസ്റ്റ് സ്റ്റേഷനിലേക്ക് വിളിച്ച ഫോൺകോൾ നമ്പർ മാറി വെസ്റ്റ് സ്റ്റേഷനിലേക്ക് വന്നതാണെന്നാണ് കരുതുന്നത്. ഫോൺകോൾ വിവരങ്ങൾ ശേഖരിച്ച് പ്രതിയുടെ ലൊക്കേഷൻ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. ഇയാൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന. കഴിഞ്ഞദിവസം സാജനും കൂട്ടാളികളും തേക്കിൻകാട് മൈതാനത്ത് കേക്ക് മുറിച്ച് പിറന്നാളാഘോഷം നടത്താൻ പദ്ധതിയിട്ടിരുന്നു. ‘ആവേശം’ സിനിമാ മോഡലിൽ തേക്കിൻകാട് മൈതാനത്ത് പിറന്നാളാഘോഷം നടത്താനും ഇത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനുമായിരുന്നു തീക്കാറ്റ് സാജന്റെ കുട്ടിഫാൻസിന്റെ പദ്ധതി. എന്നാൽ, കൃത്യസമയത്ത് പോലീസ് ഇടപെട്ടതോടെ ആഘോഷം മുടങ്ങി. പിറന്നാൾ കേക്കുമായി കാത്തിരുന്ന സംഘത്തെ പോലീസ് കൈയോടെ പിടികൂടുകയും ചെയ്തു. 

   ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സിനിമാ സ്റ്റൈൽ പിറന്നാളാഘോഷം അതേ സ്റ്റൈലിൽ തന്നെ പോലീസ് പൊളിച്ചത്. 32 പേരാണ് സാജന്റെ പിറന്നാൾ ആഘോഷിക്കാനായി തേക്കിൻകാട് മൈതാനത്ത് ഒത്തുകൂടിയത്. ഇതിൽ 17 പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു. കേക്കുമായി കാത്തിരിക്കുന്നവർക്കിടയിലേക്ക് ‘മാസ് എൻട്രി’യോടെ വരാനും തുടർന്ന് യുവാക്കൾക്കിടയിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കാനുമായിരുന്നു സാജന്റെയും കൂട്ടരുടെയും പദ്ധതി. എന്നാൽ, തേക്കിൻകാട് മൈതാനത്ത് യുവാക്കൾ ഒത്തുകൂടിയത് പോലീസ് മണത്തറിഞ്ഞു. പിന്നാലെ നാല് ജീപ്പുകളിലായി സിറ്റി പോലീസ് ഷാഡോ സംഘവും തൃശ്ശൂർ ഈസ്റ്റ് പോലീസും സ്ഥലത്തെത്തി കുട്ടി ഫാൻസിനെ വളഞ്ഞു. ഗുണ്ടയുടെ മാസ് എൻട്രിക്ക് തൊട്ടുമുൻപായിരുന്നു പോലീസിന്റെ അതിലും വലിയ എൻട്രി. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ഫാൻസുകാരെയെല്ലാം പോലീസ് പൊക്കി. ഇതിനിടെ പോലീസ് പരിപാടി പൊളിച്ചതറിഞ്ഞ് ഗുണ്ട തീക്കാറ്റ് സാജൻ ആഘോഷത്തിന് എത്താതെ മുങ്ങുകയുംചെയ്തു. 

  പിടിയിലായ പ്രായപൂർത്തിയാകാത്ത 17 പേരേയും രക്ഷിതാക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു. ഇവരിൽ പ്ലസ്ടു വിദ്യാർഥികളുമുണ്ട്. ബാക്കി 15 പേരുടെ പേരിൽ കേസെടുത്ത ശേഷം വിട്ടു. ഇവരിൽ ക്രിമിനൽ കേസിലുൾപ്പെട്ടവർ വരെയുണ്ടെന്ന് അറിയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments