Friday, September 20, 2024

എടക്കഴിയൂർ ബീച്ചിൽ ക്രൂര മർദ്ദനത്തിനിരയായ യുവാവിനെ  സംഭവം നടന്ന സ്ഥലം കാണിച്ചു കൊടുക്കാൻ പോലീസ് കൊണ്ടുവന്നത് സ്ട്രക്ചറിൽ

ചാവക്കാട്: ക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റയാളെ സംഭവം നടന്ന സ്ഥലം കാണിച്ചു കൊടുക്കാൻ പോലീസ് കൊണ്ടുവന്നത് സ്ട്രക്ചറിൽ. എടക്കഴിയൂർ നാലാംകല്ല് വലിയകത്ത് ഹസൻ ബസരി(40)യെയാണ് ഇന്നലെ സ്ട്രക്ചറിൽ കിടത്തി ബീച്ചിൽ കൊണ്ടുവന്നത്. നാട്ടുകാരായ ചില യുവാക്കളുടെ സഹായത്തോടെയാണ് ഹസൻ ബസരിയെ ആംബുലൻസിൽ കടപ്പുറത്തെത്തിച്ചത്. പോലീസിന്റെ നിർബന്ധത്തെത്തുടർന്നാണ് ഇതെന്നാണ് ആക്ഷേപം.

ജൂൺ 25-നാണ് ഹസൻ ബസരിയെ 10 പേർ അടക്കം ക്രൂരമായി മർദ്ദിച്ചത്. എടക്കഴിയൂർ നാലാംകല്ല് ബീച്ചിലെ കാറ്റാടിമരങ്ങൾക്കിടയിൽ വെച്ചായിരുന്നു ആക്രമണം. ഓട്ടോ തൊഴിലാളിയായ ഹസൻ മാങ്ങ കച്ചവടത്തിനും പോകാറുണ്ട്. 

നാട്ടുകാരനായ ഒരാളുടെ കീഴിലാണ് ജോലി ചെയ്തിരുന്നത്. മാങ്ങയുടെ പണം കിട്ടാനുള്ളത് തരാമെന്നു പറഞ്ഞാണ് കച്ചവടത്തിന്റെ ഉടമ ഹസനെ കടപ്പുറത്തേക്ക് വിളിപ്പിക്കുകയും ഇവിടെവച്ച് ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്നാണ് ഹസൻ പറയുന്നത്. സംഭവം പുറത്തു പറഞ്ഞാൽ കടലിൽ കെട്ടിത്താഴ്ത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ഹസൻ പറഞ്ഞു.

ഇതോടെ മർദ്ദന പുറത്താരോടും പറഞ്ഞില്ല. വീണുപരിക്കേറ്റെന്നാണ് വീട്ടിൽ അറിയിച്ചത്. തുടർന്ന് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യയിലും ചികിത്സ തേടി. തനിക്ക് ക്രൂരമായി മർദ്ദനമേറ്റ കാര്യം ഇവിടെ വച്ചാണ് ഹസൻ പറഞ്ഞത്. ആക്രമണവിവരം പോലീസിൽ അറിയിക്കരുതെന്ന് അറിയിച്ച് പലതവണ അക്രമിസംഘം വീട്ടിൽക്കയറി ഭീഷണിപ്പെടുത്തിയതായി ഹസൻ പറഞ്ഞു.

കഴിഞ്ഞ ദിവസം ഹസൻ ബസരിയെ ആശുപത്രിയിൽനിന്ന് വീട്ടിലെത്തിച്ചിരുന്നു.

പരാതിയിൽ അന്വേഷണം നടത്താതെ രമ്യതയിലെത്തിക്കാനാണ് പോലീസ് ആദ്യം ശ്രമിച്ചതെന്നും ആക്ഷേപമുണ്ട്. ആക്രമണത്തിനുശേഷം ഹസന്റെ ഒരു കൈ തളർന്ന അവസ്ഥയിലാണ്. പരസഹായമില്ലാതെ പ്രാഥമികകൃത്യങ്ങൾപോലും നടത്താനാകാത്ത അവസ്ഥയാണുള്ളത്. സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments