Sunday, November 24, 2024

ദേശീയ പാത നിർമാണം നടക്കുന്ന ഭാഗത്ത്   ചെളിയിൽ സ്കൂട്ടർ തെന്നിവീണ് പരിക്കേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു

വാടാനപ്പള്ളി: ദേശീയ പാത നിർമാണം നടക്കുന്ന ഭാഗത്ത് റോഡിലെ ചെളിയിൽ സ്കൂട്ടർ തെന്നിവീണ് ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു. വാടാനപ്പള്ളി പഞ്ചായത്ത് മുൻ അംഗം ജുബൈരിയയുടെ ഭർത്താവ് ഗണേശമംഗലം മേപ്രങ്ങാട്ട് ക്ഷേത്രത്തിന് വടക്ക് പുതിയ വീട്ടിൽ മനാഫ് (55) ആണ് മരിച്ചത്. കഴിഞ്ഞ മാസം 12ന് രാത്രി 8.20 ഓടെ വാടാനപ്പള്ളി – കാഞ്ഞാണി റോഡിൽ വാടാനപ്പള്ളി പഴയ മത്സ്യ മാർക്കറ്റിന് കിഴക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. തളിക്കുളം സെന്ററിലെ കുമാർ ലോട്ടറി കടയിലെ ജീവനക്കാരനായ മനാഫ് കടയടച്ച് കണ്ടശ്ശാംകടവിലെ മറ്റൊരു ലോട്ടറി കടയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടർ തെന്നിവീണ് മനാഫിന്റെ വാരിയെല്ല് പൊട്ടിയിരുന്നു. തോളെല്ലിനും കാലിനും പൊട്ടലേറ്റിരുന്നു. ആദ്യം തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മനാഫിന്റെ പരിക്ക് ഗുരുതരമായതോടെ എറണാകുളം ആസ്‌റ്റർ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടയിൽ ന്യൂമോണിയയും ബാധിച്ചു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു മരണം. സിബിൻ, മുബിൻ എന്നിവരാണ് മനാഫിന്റെ മക്കൾ. ഖബറടക്കം പിന്നീട് നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments