ന്യൂഡൽഹി: അഖിലേഷ് യാദവ് കിങ്മേക്കർ ആകണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഉദ്ധവ് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും. ചന്ദ്രബാബു നായിഡുവുമായി ചർച്ച നടത്താൻ അഖിലേഷിനോട് ഘടകക്ഷി നേതാക്കൾ ആവശ്യപ്പെട്ടുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എൻ.ഡി.എ.യിൽനിന്ന് കൂടുതൽ കക്ഷികളെ ഇന്ത്യ സഖ്യത്തിലേക്ക് കൊണ്ടുവരണമെന്ന് ആം ആദ്മി പാർട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്.
1990-കളിൽ മുലായം സിങ് യാദവുമായി ചന്ദ്രബാബുവിനുള്ള അടുപ്പം കണക്കിലെടുത്താണ് മകന്‍ അഖിലേഷിനെ രംഗത്തിറക്കാൻ മമതയും ഉദ്ധവും അടക്കമുള്ള നേതാക്കൾ ശ്രമിക്കുന്നത്. ജെ.ഡി.യു. നേതാവ് നിതീഷ് കുമാറിനും മുലായവുമായി നല്ല അടുപ്പമായിരുന്നു. എന്നാൽ, നായിഡുവോ നിതീഷോ മുന്നണി മാറാൻ സാധ്യതയുണ്ടന്ന് അഖിലേഷ് പ്രതീക്ഷിക്കുന്നില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
അതേസമയം, സർക്കാർ രൂപവത്കരണ ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നതിൽ കോൺഗ്രസിലും ഇടത് പാർട്ടികൾക്കും എതിർപ്പാണ്. നിലവിൽ സർക്കാർ രൂപവത്കരിക്കാനുള്ള ഭൂരിപക്ഷം ഇല്ലെന്നാണ് കോൺഗ്രസ് പറയുന്നത്. സർക്കാരുണ്ടാക്കാൻ സമയവും സന്ദർഭവും ഒത്തുവരുന്നതുവരെ കാത്തിരിക്കാൻ ഇന്ത്യ സഖ്യം ബുധനാഴ്ച തീരുമാനിച്ചിരുന്നു.
രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സഖ്യം 292 സീറ്റുകളും ഇന്ത്യ സഖ്യം 233 സീറ്റുകളും നേടിയിരുന്നു. 240 സീറ്റുകളോടെ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോൺഗ്രസ് 100 സീറ്റുകളും എസ്.പി 37 സീറ്റുകളും സ്വന്തമാക്കി. ബി.ജെ.പിക്ക് രാജ്യം ഭരിക്കാൻ 16 സീറ്റുള്ള ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുടേയും., 12 സീറ്റുള്ള നിതീഷ് കുമാറിന്റെ ജെ.ഡി.യു.വിന്റേയും സഖ്യം നിർണായകമായി വന്നതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.
ഇന്ന് രാവിലെ 11.30-ന് ബി.ജെ.പി.യുടെയും എൻ.ഡി.എ.യുടെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലോക്‌സഭാംഗങ്ങൾ പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ യോഗം ചേർന്ന് നരേന്ദ്രമോദിയെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കും. ഞായറാഴ്ചയായിരിക്കും സത്യപ്രതിജ്ഞയെന്നാണ് സൂചന.