തൃശൂരിലെ തോൽവി പരിശോധിക്കുമെന്ന് വി.ഡി.സതീശൻ

0
349

കണ്ണൂര്‍: തൃശൂരിലെ തോല്‍വി സംബന്ധിച്ച് പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥികളെ ഹൈക്കമാന്‍ഡാണ് തീരുമാനിക്കുന്നതെന്നും  സതീശൻ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതു മാധ്യമങ്ങളോ പ്രതിപക്ഷ നേതാവോ അല്ല. സ്ഥാനാർഥി നിര്‍ണയത്തിന് കോണ്‍ഗ്രസിന് അതിന്റേതായ സംവിധാനമുണ്ടെന്നായിരുന്നു സതീശന്റെ പ്രതികരണം. കെ. മുരളീധരനുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം സംസാരിച്ചിട്ടുണ്ട്. 18 സീറ്റുകളില്‍ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ശോഭ കെടുത്താനായി ചില മാധ്യമങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. പിന്നില്‍ സംഘടിതമായ അജണ്ടയുണ്ട്. ആ കെണിയിലൊന്നും ഞാന്‍ വീഴില്ല. 10 പേരാണ് ഒരു ലക്ഷം വോട്ടിന് മുകളില്‍ വിജയിച്ചത്. അതില്‍ നാലു പേര്‍ക്ക് 2 ലക്ഷത്തിനു മുകളിലും രണ്ടു പേര്‍ക്ക് മൂന്നു ലക്ഷത്തിന് മുകളിലും ഭൂരിപക്ഷമുണ്ട്. ആ വിജയത്തിന്റെ ശോഭ കെടുത്തരുത്. എല്ലാവരും തിരഞ്ഞെടുപ്പുകളില്‍ തോറ്റിട്ടുണ്ട്. എന്നിട്ടും തോല്‍വി മാത്രം ചര്‍ച്ച ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല’’– സതീശൻ പറഞ്ഞു. തൃശൂരിലും ആലത്തൂരിലും തോല്‍വിക്ക് ഇടയായ സാഹചര്യത്തെ കുറിച്ച് കെപിസിസിയും യുഡിഎഫും പരിശോധിക്കുമെന്നും അന്വേഷണ സമിതിയെ നിയോഗിക്കുന്നതിന് മുന്‍പേ കുറ്റക്കാര്‍ ആരാണെന്ന് പ്രഖ്യാപിക്കാനാകില്ലെന്നും സതീശൻ വിശദീകരിച്ചു. ‘‘തൃശൂരില്‍ അന്തിക്കാട് ഉള്‍പ്പെടെ സിപിഎം കോട്ടകളില്‍ നിന്നു ബിജെപിയിലേക്ക് വോട്ടു മറിഞ്ഞു. കരുവന്നൂര്‍ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട് ബിജെപി-സിപിഎം ധാരണയുണ്ടായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. സംഘടനാപരമായ കാര്യങ്ങളിലെ അവസാന വാക്ക് കെപിസിസി അധ്യക്ഷനാണ്. സംഘടനാപരമായ കാര്യങ്ങള്‍ അദ്ദേഹം തീരുമാനിക്കും. ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് യുഡിഎഫ് ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല’’–സതീശൻ പറഞ്ഞു.