തൃശൂര്‍: തൃശൂർ ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് സെൽഫ് ഗോളായി. സ്റ്റാര്‍ സ്ട്രൈക്കറെ ഇറക്കിയുള്ള കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പരീക്ഷണമാണ് അപ്രതീക്ഷിതമായി പാളിയത്. വിജയപ്രതീക്ഷയിൽ വോട്ടെണ്ണിയപ്പോള്‍ മൂന്നാമതായി കെ.മുരളീധരന്റെ ഫിനിഷിങ്. 2019-ല്‍ ടി.എന്‍ പ്രതാപന്‍ 93,633 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലമാണ് കെ മുരളീധരനെ ഇറക്കിയിട്ടും കോണ്‍ഗ്രസിന് നഷ്ടമായത്. സിറ്റിങ് സീറ്റായ വടകരയില്‍ തന്നെ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പിച്ച വേളയിലാണ് അപ്രതീക്ഷിതമായി വടകരയിൽ നിന്ന് കെ മുരളീധരനെ തൃശ്ശൂരിലെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു മുരളീധരനെ തൃശ്ശൂരിലേക്കയച്ച് കോണ്‍ഗ്രസ് വെല്ലുവിളി നടത്തിയത്. എവിടെയെങ്കിലും സ്ഥാനാര്‍ഥിത്വ പ്രതിസന്ധി നേരിട്ടാല്‍ കോണ്‍ഗ്രസ് ആദ്യം ആശ്രയിക്കുന്ന കെ.മുരളീധരന്‍ അല്ലാതെ മറ്റൊരുപേരും അവര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല.
തൃശ്ശൂരിലെയും വടകരയിലെയും സ്ഥാനാര്‍ഥി പ്രഖ്യാപനം ഇത്തവണ കോണ്‍ഗ്രസ് നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കാണെന്നായിരുന്നു പലരും വിശേഷിപ്പിച്ചത്. എന്നാല്‍, മാസങ്ങള്‍ക്ക് മുമ്പേ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച സുരേഷ് ഗോപിക്ക് കാര്യമായ ഭീഷണി ഉയര്‍ത്താന്‍പോലും കെ മുരളീധരന് കഴിഞ്ഞില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.എസ് സുനില്‍കുമാറിനും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും മുരളീധരനും കോണ്‍ഗ്രസിനും ഒരുപോലെ ക്ഷീണമായി.