തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലം തൊട്ട് സംസ്ഥാനത്ത് സി.പി.എം-ബി.ജെ.പി അവിഹിതബന്ധം ഉണ്ടെന്നും അത്തരത്തിലുള്ള ധാരണയുടെ ഭാഗമാണ് തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേന്ദ്ര ഏജന്‍സികള്‍ എടുക്കുന്ന കേസുകള്‍ വച്ച് മുഖ്യമന്ത്രിയെ വരെ ഭീഷണിപ്പെടുത്തി. ഭീഷണിക്കു വഴങ്ങിയാണ് സിപിഎം ധാരണയ്ക്ക് എത്തിയത്. കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന ബിജെപി നേതാവിനെ എന്തിനാണ് എല്‍ഡിഎഫ് കണ്‍വീനര്‍ കണ്ടത്. എന്തിനാണ് കേരളത്തിലെ മുഖ്യമന്ത്രി പ്രകാശ് ജാവഡേക്കറുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചകളിലാണ് ലാവ്‌ലിന്‍ ഉള്‍പ്പെടെയുള്ള കേസുകളിലും ഇപ്പോള്‍ ഇ.ഡി. അന്വേഷിക്കുന്ന കേസുകളിലും രക്ഷപ്പെടുത്തി കൊടുക്കാം എന്ന വാക്കിന്റെ പുറത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം സിപിഎം ചെയ്തുകൊടുത്തത്. ഈ അവിഹിത ബന്ധത്തെ കൂടുതല്‍ തുറന്നുകാട്ടി ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും സതീശന്‍ പറഞ്ഞു.