ന്യൂഡൽഹി: എൻ.ഡി.എ. സ്ഥാനാർഥികൾക്ക് നൽകാൻ വേണ്ടി നൂറുകോടി രൂപയുമായി കേരളത്തിലേക്ക് പുറപ്പെട്ട ഹവാലക്കാരൻ രാജ്യം വിട്ടുവെന്ന ആരോപണവുമായി ദല്ലാൾ നന്ദകുമാർ. ഓരോ സ്ഥാനാർഥിക്കും അഞ്ചു കോടി രൂപ വീതമായിരുന്നുവെന്നും എന്നാൽ സംസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ അയാൾ രാജ്യം വിട്ടെന്നും നന്ദകുമാർ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇതുകാരണം പല മണ്ഡലങ്ങളിലും എൻ.ഡി.എ. സ്ഥാനാർഥികൾക്ക് പ്രചാരണത്തിന് വേണ്ട പണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ കൈയിൽ നിന്ന് എൻ.ഡി.എ. സ്ഥാനാർഥി ശോഭ സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ വാങ്ങിച്ചുവെന്നും തിരിച്ചു തന്നില്ലെന്നും നന്ദകുമാർ ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണത്തെ സാധൂകരിക്കുന്നത് എന്ന് അവകാശപ്പെടുന്ന ബാങ്ക് രസീതും അദ്ദേഹം പത്രസമ്മേളനത്തില്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു. അനിൽ ആന്റണിക്കെതിരേയും അദ്ദേഹം ആരോപണങ്ങളുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നൂറു കോടി രൂപയുമായി കേരളത്തിൽ എത്തിയ ഹവാലക്കാരൻ രാജ്യം വിട്ടുവെന്ന് ഡൽഹിയിൽ വെച്ച് അദ്ദേഹം ആരോപിച്ചത്.
എന്റെ പണം തരണമെന്ന് ശോഭാ സുരേന്ദ്രന്റെ സന്തത സഹചാരികളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് വരുമ്പോൾ പണം തരാം എന്നാണ് അവർ പറഞ്ഞത്. കോൺഗ്രസിന്റെ അക്കൗണ്ട് പൂട്ടിച്ചു പണമില്ലാതെയാക്കി. ഇതിനൊപ്പം തന്നെ കേരളത്തിൽ ബി.ജെ.പിയുടെ പണം വരുന്ന അക്കൗണ്ടും പൂട്ടിപ്പോയി. അതുകാരണം അവർക്ക് പണം വന്നില്ല. കേരളത്തിലേക്ക് സ്ഥാനാർഥികൾക്കയച്ച പണവും എത്തിയില്ല. കൊടകരയിൽ അല്ല, കൊടകരയ്ക്ക് മുമ്പ് വെച്ച് ആ പണം പോയി. അത് എത്തിയിരുന്നെങ്കിൽ എന്റെ 10 ലക്ഷം കിട്ടിയേനെ. കൊടകര മോഡൽ അല്ല, കേരളത്തിന് മുന്‍പുള്ള സംസ്ഥാനത്ത് വെച്ച് കൊണ്ടുവന്ന പണം പോയി- അദ്ദേഹം ആരോപിച്ചു. ഓരോ സ്ഥാനാർഥിക്കും 5 കോടി രൂപ വീതമാണ് എത്തിച്ചതെന്നും ഇത് എവിടെ പോയി എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹവാല മാര്‍ഗത്തിലൂടെയാണ് പണം എത്തിക്കാന്‍ ശ്രമിച്ചത്. കേരളത്തിലേക്ക് പണവുമായെത്തിയ ഹവാലക്കാരൻ ഇന്ത്യ വിട്ടുപോയെന്നും ടി.ജി. നന്ദകുമാർ ആരോപിച്ചു. ഈ സംഭവം തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.