വടക്കേക്കാട്: രഞ്ജിത്ത് ശ്രീനിവാസ് വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ സോഷ്യൽ മീഡിയയിൽ ഭീഷണി മുഴക്കിയെന്ന സംഭവത്തിൽ യുവാവിനെതിരെ വടക്കേക്കാട് പോലീസ് കേസെടുത്തു. ഫേസ്ബുക്കിൽ ആഷിക് ഉമർ എന്ന പേരിലുള്ള അക്കൗണ്ട് ഉടമക്കെതിരെയാണ് വടക്കേക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മാവേലിക്കര സെഷൻസ് കോടതിയിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ സോഷ്യൽ മീഡിയയിൽ അസഭ്യം പറഞ്ഞതിനാണ് കേസ്. വിധി പ്രസ്താവിച്ച 30-ാം തീയതിയാണ് ആഷിക് ഉമർ സോഷ്യൽ മീഡിയ വഴി കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ട് പോസ്റ്റിട്ടതെന്നാണ് പൊലീസ് പറയുന്നത്. ഇത്തരം പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് വഴി ഇദ്ദേഹം രാഷ്ട്രീയ വർഗീയ കലാപത്തിന് ആഹ്വാനം ചെയ്തു എന്ന വിലയിരുത്തലിനെ തുടർന്നാണ് പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.