തൃശൂർ: സ്റ്റേഷൻ വിട്ട ട്രെയിനിൽ കയറാൻ ബോംബ് ഭീഷണി മുഴക്കിയ പഞ്ചാബ് സ്വദേശിയെ തൃശൂരിൽ ആർ.പി.എഫ് അറസ്റ്റ് ചെയ്തു. പഞ്ചാബ് സ്വദേശി ജയ്സിംഗ് റാത്തറെയാണ് തൃശൂരിൽ ആർ.പി.എഫ് അറസ്റ്റ് ചെയ്തത്. രാജധാനി എക്സ്പ്രസ്സിൽ കയറാനാണ് ഇയാൾ വ്യാജ ബോംബ് ഭീഷണി അറിയിച്ചത്. എറണാകുളത്ത് നിന്നും ട്രെയിൻ പുറപ്പെട്ടപ്പോഴാണ് സംഭവം. ട്രെയിനിൽ കയറാൻ കഴിയാതെ വന്നതായിരുന്നു ഭീഷണിക്ക് കാരണം. ഭീഷണിയെ തുടർന്ന് ഷൊർണൂരിൽ ട്രെയിൻ നിർത്തിയിട്ടു. ഭീഷണിക്ക് പിന്നാലെ ഇയാൾ ഷൊർണൂരിലേക്ക് പുറപ്പെട്ടു. ഷൊർണൂരിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ യാത്രക്കാരൻ ട്രെയിനിൽ കയറി. ആരാണ് ഭീഷണിക്ക് പിന്നിലെന്ന് അന്വേഷിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് ഷൊർണൂരിൽ ട്രെയിനിൽ വെച്ച് തന്നെ പ്രതിയെ പിടികൂടി. എറണാകുളത്ത് നിന്ന് യാത്രക്കായി ജയ്‌സിംഗ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ 11.30ന് എറണാകുളത്ത് എത്തി. ജയ്‌സിംഗിന് ഈ സമയത്ത് സ്റ്റേഷനിൽ എത്താനായില്ല. ഇതോടെയാണ് ഇദ്ദേഹം ട്രെയിനിന് ബോംബ് ഭീഷണിയുണ്ടെന്ന് വിളിച്ച് പറഞ്ഞത്. പരിശോധനയ്ക്കായി ട്രെയിൻ പിടിച്ചിട്ടാൽ അതുവരെ യാത്ര ചെയ്ത് ട്രെയിനിൽ കയറാമെന്നായിരുന്നു കണക്കുകൂട്ടൽ. ട്രെയിൻ തൃശൂരിൽ പിടിച്ചിടുമെന്നാണ് ജയ്സിംഗ് കരുതിയത്. എന്നാൽ പിടിച്ചിട്ടത് ഷൊർണൂരിലായിരുന്നു. ഇതോടെ ഷൊർണൂർ വരെ ജയ്സിംഗ് യാത്ര ചെയ്തു. ഈ സമയത്ത് ആരാണ് ബോംബ് ഭീഷണിക്ക് പിന്നിലെന്ന് പൊലീസും ആർ.പി.എഫും പരിശോധിക്കുന്നുണ്ടായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ അന്വേഷണ സംഘം രാത്രി തന്നെ ഇയാളെ അറസ്റ്റ് ചെയ്തു.