Friday, September 20, 2024

ഒ.എൽ.എക്സിൽ വിൽപ്പനക്കായി പരസ്യം നൽകിയ ആഡംബര ബൈക്ക് വാങ്ങാനെത്തി പണം നൽകാതെ ബൈക്കുമായി മുങ്ങിയ വിരുതൻ പിടിയിൽ

ഇരിങ്ങാലക്കുട: ചേർപ്പിൽ ഒ.എൽ.എക്സിൽ വിൽപ്പനക്കായി പരസ്യം നൽകിയ ബൈക്ക് വാങ്ങാനെത്തി ബൈക്കുമായി കളന്നുകളഞ്ഞ വിരുതൽ അറസ്റ്റിലായി. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി കുമ്പഴ എസ്റ്റേറ്റിൽ വിഷ്ണു വിൽസനെയാണ് (24) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ബാബു കെ തോമസ് ചേർപ്പ് ഇൻസ്പെക്ടർ ടി.വി ഷിബു എന്നിവർ അറസ്റ്റു ചെയ്ത്. ബൈക്ക് വില പറഞ്ഞുറപ്പിച്ച് ബൈക്കിന്റെ കാര്യക്ഷമത പരിശോധിക്കാനെന്ന വ്യാജേന ഓടിച്ചു നോക്കുവാൻ വാങ്ങി ബൈക്കുമായി കടന്നു കളഞ്ഞ ഇയാൾ വിവിധ സ്റ്റേഷനുകളിൽ  കേസ്സുകളിൽ പ്രതിയാണ്.
രണ്ടു മാസം മുൻപാണ് ചേർപ്പ് സ്വദേശിയായ യുവാവ് ഒ.എൽ.എക്സിൽ തന്റെ ആഡംബര ബൈക്ക് വിൽക്കുവാൻ പരസ്യം നൽകിയത്. ഇതോടൊപ്പം ഫോൺ നമ്പറും കൊടുത്തിരുന്നു. ഈ നമ്പറിലേക്ക് വിളിച്ചന്വേഷിച്ചാണ് പ്രതി തൃശൂരിലെ സുഹൃത്തിനൊപ്പം വാഹനം വാങ്ങുന്നതിനായി അമ്മാടത്ത് എത്തിയത്. തൃശൂരിലെ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്ത പരിചയം ഉണ്ടെങ്കിലും പ്രതിയുടെ മുൻകാല കുറ്റകൃത്യങ്ങളെക്കുറിച്ച് സുഹൃത്തിന് അറിവുണ്ടായിരുന്നില്ല. ബൈക്കുവാങ്ങാനുള്ള പണം തന്റെ കൈവശം ഉണ്ടെന്നും ഈ സമയം പ്രതി സുഹൃത്തിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. പരാതിക്കാരൻ ജോലി സ്ഥലത്തായതിനാൽ ഇയാളുടെ സുഹൃത്താണ് ബൈക്കുമായി അമ്മാടത്ത് എത്തിയത്. തുടർന്ന് ബൈക്ക് കണ്ട് ഇഷ്ടപ്പെട്ട പ്രതി സുഹൃത്തിനെ ബൈക്ക് കൊണ്ടുവന്നയാളോടൊപ്പം നിറുത്തി ഓടിച്ചു നോക്കുവാനെന്ന രീതിയിൽ ബൈക്കെടുത്ത് പോകുകയുമായിരുന്നു. ഏറെ നേരം കാത്തിരുന്നിട്ടും  തിരിച്ചെത്താത്തതിനെ തുടർന്നാണ് ബൈക്ക് കൊണ്ടുവന്നയാൾക്കും പ്രതിയുടെ സുഹൃത്തിനും തങ്ങൾ ഇരുവരും ചതിക്കപ്പെട്ടതായി അറിയുന്നത്… തുടർന്ന് ഇവർ സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയേയും ബൈക്കും കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു.  കേസുകളിൽ ഉൾപ്പെട്ടു സ്വന്തം നാട്ടിലും വീട്ടിലും വരാതെ വിവിധയിടങ്ങളിൽ താമസിക്കുകയാണ് പ്രതിയുടെ രീതി. പതിവു പോലെ ബൈക്ക് തട്ടിയെടുത്ത ശേഷവും ഇയാൾ തന്റെ ഫോൺ നമ്പർ ഉപേക്ഷിക്കുകയും ആരുമായും ബന്ധമില്ലാതെ മുവ്വാറ്റുപുഴ ഭാഗത്ത് കഴിഞ്ഞു വരികയായിരുന്നു. അവിടെ വെൽഡിംങ്ങ് ജോലിക്ക് പോയിരുന്നതായും പറയുന്നുണ്ട്. ഇയാളിൽ നിന്ന് ബൈക്കും കണ്ടെടുത്തതായാണ് വിവരം. സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്ത്രീ സൗഹൃദങ്ങൾ ഉണ്ടാക്കാൻ തൽപരനായ പ്രതിയെ പോലീസ് രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ഞായറാഴ്ച പുലർച്ചെ മുവ്വാറ്റുപുഴ പോലീസിന്റെ കൂടി സഹായത്തോടെ ഇയാൾ താമസിച്ചിരുന്ന പഴയ ഇരുനില വാടക കെട്ടിടം പുലർച്ചെ മൂന്നു മണിയോടെ വളഞ്ഞ് സാഹസികമായി കയറി പിടികൂടിയത്. ഇതിനിടെ ഇറങ്ങി ഓടാനുള്ള വിഫല ശ്രമവും ഇയാൾ നടത്തി. പത്തനംതിട്ടയിൽ വാഹന മോഷണത്തിനും മലയാലപ്പുഴയിൽ അടിപിടി കേസ്സിലും പ്രതിയായ വിഷ്ണു വിൽസൻ തൃക്കാക്കരയിൽ  വീട്ടിൽ അതിക്രമിച്ചു കയറി വയോധികയുടെ സ്വർണ്ണം കവർന്ന കേസ്സിലും പ്രതിയാണ്.
ചേർപ്പ് എസ്.ഐ ജെ ജെയ്സൺ, എ.എസ്.ഐ മാരായ മുഹമ്മദ് അഷറഫ്, കെ.എസ് ഗിരീഷ്, സീനിയർ സി.പി.ഒ ഇ.എസ് ജീവൻ, സോണി സേവ്യർ, സി.പി.ഒ കെ.എസ് ഉമേഷ്, കെ.എസ് സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ്‌ ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments