Friday, September 20, 2024

ഗുരുവായൂർ മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രം; ബി.ജെ.പി പ്രചാരണത്തിനെതിരെ എൻ.കെ അക്ബർ എം.എൽ.എ രംഗത്ത്

ഗുരുവായൂർ: ഗുരുവായൂർ മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്ന പ്രചാരണത്തിനെതിരെ എൻ.കെ അക്ബർ എം.എൽ.എ രംഗത്ത്. കേന്ദ്രാവിഷ്കൃത പദ്ധതികളെന്നാൽ കേന്ദ്രം നേരിട്ട് നടത്തുന്ന പ്രദ്ധതികളാണെന്നാണ് ചിലർ തെറ്റിദ്ധരിച്ചിട്ടുള്ളതെന്ന് എൻ.കെ അക്ബർ എം.എൽ.എ അഭിപ്രായപ്പെട്ടു.
മറ്റു ചിലർ ബോധപൂർവ്വം തന്നെ അങ്ങിനെയാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഗുരുവായൂർ നഗരസഭ പ്രവൃത്തി പൂർത്തീകരിച്ച മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രം തദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർക്ക് ഉദ്ഘാടനം ചെയ്യാൻ എന്ത് യോഗ്യത എന്നൊക്കെയാണ് ഇവർ പ്രചരിപ്പിക്കുന്നത്. അമൃത് പദ്ധതി കേന്ദ്രാവിഷ്കൃത പദ്ധതി തന്നെയാണ്. എന്നാൽ, കേന്ദ്ര സർക്കാർ വിഹിതം പദ്ധതി വിഹിതത്തിന്റെ 50 ശതമാനം മാത്രമാണ്. 30 ശതമാനം സംസ്ഥാന വിഹിതവും 20 ശതമാനം നഗരസഭ വിഹിതവുമാണ്. അതായത് 25 കോടി അടങ്കലുള്ള പ്രവൃത്തിയുടെ 50 ശതമാനമായ 12.5 കോടി രൂപ മാത്രമേ കേന്ദ്രം അനുവദിക്കുകയുള്ളൂ. മൾട്ടി ലെവൽ പാർക്കിംഗ് പണിത നഗരസഭയിലെ ഔട്ടർ റിംഗ് റോഡിനോട് ചേർന്ന 82 സെന്റ് സ്ഥലം ഗുരുവായൂർ നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ്. പ്രസ്തുത സ്ഥലത്തിന് എത്ര നടപ്പ് വില ഉണ്ടാകുമെന്ന് കൂടി ചിന്തിച്ചാൽ നല്ലതാണെന്നും എം.എൽ.എ പറഞ്ഞു. യു.പി.എ സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന 80 ശതമാനം എന്ന കേന്ദ്ര വിഹിതത്തെയാണ് എൻ.ഡി.എ സർക്കാർ 50 ശതമാനമാക്കി കുറച്ചത്. ഇത് മൂലം സംസ്ഥാന സർക്കാരിന്റെയും നഗരസഭകളുടേയും സാമ്പത്തിക ബാധ്യത കൂടുകയാണ് ചെയ്തത്. എന്നിട്ടും സമയ ബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കിയ സംസ്ഥാന സർക്കാരിനേയും നഗരസഭയേയുമൊക്കെ ഭള്ള് പറയുന്നതിലെ രാഷ്ട്രീയം ഈ നാട്ടിലെ ജനങ്ങൾ മനസ്സിലാക്കുന്നത് കൊണ്ട് തന്നെയാണ് ഇത്തരക്കാർ കേരളത്തിൽ സംപൂജ്യരായി ഇരിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments