ചേർപ്പ്: വെങ്ങിണിശേരിയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും വാൾ കണ്ടെത്തിയ സംഭവത്തിൽ രക്ഷപ്പെട്ട സംഘം സഞ്ചരിച്ച കാർ പോലീസ് വാഹനം ഇടിച്ചിട്ട് പിടികൂടി. സംഘത്തിലെ ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്. രാവിലെയാണ് ലോറിയുമായി ഇടിച്ച കാറിൽ വടിവാൾ കണ്ടെത്തിയത്. കാർ യാത്രക്കാരായ നാലുപേർ പിന്നാലെ വന്ന കാറിൽ രക്ഷപ്പെടുകയായിരുന്നു. ഈ കാറാണ് ചേർപ്പിൽ വെച്ച് ചേർപ്പ് പോലീസ് ജീപ്പ് പിന്തുടർന്ന് കാറിനെ വട്ടമിട്ട് ഇടിച്ചു നിറുത്തി പിടികൂടിയത്. ഈ കാർ ചേർപ്പ് സ്വദേശിയുടെ തന്നെയാണെന്നാണ് സൂചന. രാവിലെ വെങ്ങിണിശേരിയിൽ അപകടത്തിൽപ്പെട്ട കാർ കൊല്ലം സ്വദേശിയുടേതാണെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ നിന്നാണ് വടിവാൾ കണ്ടെത്തിയത്. പോലീസും ഫോറൻസിക് വിദഗ്‌ധരും പരിശോധന നടത്തിയതിൽ വടിവാളിൽ രക്തക്കറ കണ്ടെത്തിയിരുന്നു. രാവിലെ മിനി ലോറിയുമായി കാർ കൂട്ടിയിടിച്ചായിരുന്നു അപകടം. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. അപകടത്തിന് ശേഷം തങ്ങൾക്ക് പരാതിയില്ലെന്ന് ലോറി ഡ്രൈവറെ അറിയിച്ച് ഇവർ മറ്റൊരു കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയത്. സംഘം രക്ഷപ്പെട്ടതിന്റെ സൂചനകളെ തുടർന്നാണ് കാർ പിന്തുടർന്ന് ഇടിച്ചിട്ട് പിടികൂടിയത്.