കുഞ്ഞിമംഗലം: ഉത്സവ പറന്പിലേക്ക് മുസ്ലിങ്ങൾക്ക് വിലക്കേർപ്പെടുത്തിയുള്ള ക്ഷേത്ര കമ്മിറ്റിയുടെ ബോർഡിനെതിരെ പ്രതിഷേധം. കണ്ണൂർ പയ്യന്നൂർ മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്ലിങ്ങൾക്ക് വിലക്കേർപ്പെടുത്തി ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് സമാനമായ ബോർഡ് ഇവിടെ സ്ഥാപിച്ചിരുന്നു.
മലബാറിലെ കളിയാട്ട കാവുകളിൽ ജാതിമതങ്ങൾക്ക് അതീതമായി ആളുകൾ ഒത്തുകൂടാറുണ്ട്. എന്നാൽ ആ സങ്കൽപ്പം തന്നെ ഇല്ലാതാക്കുകയാണ് മല്ലിയോട്ട് പാലോട്ട് കാവിൽ പ്രത്യക്ഷപ്പെട്ട ബോർഡ്. കാവിലെ വിഷു കൊടിയേറ്റുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്ലീംങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കൊണ്ടാണ് ക്ഷേത്രത്തിന് പരിസരത്ത് ബോർഡ് ഉയർന്നത്.
ഏപ്രിൽ 14 മുതൽ 19 വരെ നീണ്ട് നിൽക്കുന്ന ഉത്സവ സമയത്താണ് മുസ്സീങ്ങൾക്ക് കാവിനകത്തേക്ക് വിലക്ക് ഏർപ്പെടുത്തിയത്. ക്ഷേത്രം ഭാരവാഹികളുടെ വിവേചനപരമായ നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്.
കഴിഞ്ഞ വർഷവും ഇതേ സമയത്ത് സമാനമായ ബോർഡ് ക്ഷേത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വർഷങ്ങളായി ഇങ്ങനെ ബോർഡ് വെയ്ക്കാറുണ്ടെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നുമാണ് ക്ഷേത്രം കമ്മിറ്റിയുടെ വിശദീകരണം.