ഗുരുവായൂർ: ഗുരുവായൂരിൽ 13 കാരി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗുരുവായൂര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപം രായംമരക്കാര്‍ വീട്ടില്‍ ആര്‍.വി ഇഖ്ബാലിന്റെ മകള്‍ ഇസ്‌നയാണ് മരിച്ചത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ രാത്രി 11.30ഓടെ വീടിന്റെ മുകള്‍ നിലയിലെ മുറിയിലാണ് ഷാളില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പൊലീസ് മേൽനടപടികൾക്ക് ശേഷം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വഴിയോരകച്ചവട തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയാണ് ഇഖ്ബാല്‍. കേരള ബാങ്ക് ഗുരുവായൂര്‍ ശാഖയിലെ ജീവനക്കാരി റഷീനയാണ് മാതാവ്. ബിരുദ വിദ്യാര്‍ത്ഥി ഇര്‍ഷാദ് സഹോദരനാണ്.