ഗുരുവായൂര്‍: ഉത്സവം ആറാം ദിവസമായ ഇന്ന് ഗുരുവായൂരപ്പന്‍ സ്വര്‍ണക്കോലത്തില്‍ എഴുന്നള്ളി. ഉത്സവത്തിന്റെ ഇനിയുള്ള നാല് ദിവസവും സ്വര്‍ണക്കോലത്തിന്റെ പ്രൗഡിയിലാണ് കണ്ണന്റെ എഴുന്നള്ളത്ത്. ഉച്ചതിരിഞ്ഞ് നടന്ന ശീവേലിയുടെ നാലാം പ്രദക്ഷിണത്തില്‍ ലക്ഷണമൊത്ത കൊമ്പന്‍ നന്ദനനാണ് സ്വര്‍ണക്കോലം എഴുന്നള്ളിച്ചത്. ഗോകുല്‍, ശ്രീധരന്‍ എന്നീ കൊമ്പന്‍മാര്‍ ഇടംവലം അണിനിരന്ന് എഴുന്നള്ളിപ്പിന് മാറ്റ് കൂട്ടി.
കൊടിക്കൂറകള്‍, സൂര്യമറകള്‍,വര്‍ണതഴകള്‍ എന്നിവയോടെ രാജകീയപ്രൗഡിയില്‍ ഭഗവാന്‍ എഴുന്നളളിയപ്പോള്‍ കാത്തുനിന്നിരുന്ന ഭക്തര്‍ക്ക് അത് നിര്‍വൃതിയായി. പെരുവനം കുട്ടന്‍മാരാര്‍, തിരുവല്ല രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ മേളവും അകമ്പടിയായി. സാമൂതിരിയുടെ കാലത്തെ അനുസ്മരമിപ്പിച്ച് വകകൊട്ടല്‍ ചടങ്ങും നടന്നു.