തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സീറ്റുകൾക്ക് വേണ്ടി നിന്നനിൽപ്പിൽ പാർട്ടി മാറുന്നവരുണ്ട്. എന്നാൽ കൂറുമാറി മണിക്കൂറുകൾക്കകം പഴയ പാർട്ടിയിലേക്ക് തിരികെ പോയ സംഭവമാണ് തിരുവനന്തപുരത്ത് നിന്ന് വന്നിട്ടുള്ളത്. വെള്ളിയാഴ്ചയാണ് തിരുവനന്തുപുരത്തെ യൂത്ത് കോൺഗ്രസ് പ്രദേശിക നേതാവ് ബിജെപി അംഗമായത്.
ചിറയിൻകീഴ് നിയോജക മണ്ഡലത്തിലുള്ള മുദാക്കൽ സ്വദേശി എം. മിഥുനാണ് ഇത്തരത്തിൽ പാർട്ടി മാറിയത്. ബിജെപി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷാണ് മിഥുനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. പാർട്ടി ജില്ലാ ഓഫീസിൽ വെച്ച് വി.വി. രാജേഷ് മിഥുനെ ഷാൾ അണിയിച്ച് സ്വീകരിക്കുകയും ചെയ്തു.
കോൺഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തിൽ മനം മടുത്താണ് മിഥുൻ പാർട്ടിയിൽ ചേർന്നതെന്ന് വി.വി. രാജേഷ് പറയുകയും ചെയ്തിരുന്നു. എന്നാൽ ഇയാൾ ബിജെപിയിൽ ചേർന്നതിന് പിന്നാലെ സദാചാര വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നുവെന്ന് കോൺഗ്രസ് പ്രസ്താവന ഇറക്കി.
ഇതിന് പിന്നാലെയാണ് ബിജെപിയിൽ ചേർന്ന് 24 മണിക്കൂർ തികയുന്നതിന് പിന്നാലെ മിഥുൻ തിരികെ കോൺഗ്രസിലെത്തിയത്. സംഭവത്തിൽ ബിജെപി നേതാക്കൾ പ്രതികരിച്ചിട്ടില്ല. മിഥുനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്ന വീഡിയൊ വി.വി. രാജേഷ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു