ന്യൂഡൽഹി: കേന്ദ്രമന്ത്രിയും എൽ.ജെ.പി നേതാവുമായ രാംവിലാസ് പസ്വാൻ (76) അന്തരിച്ചു. ഏറെക്കാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്നു.
മകൻ ചിരാഗ് പസ്വാനാണ് മരണവിവരം ട്വീറ്റ് ചെയ്തത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാംവിലാസ് പസ്വാന്റെ വിയോഗം.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു രാംവിലാസ് പസ്വാൻ. ബിഹാറിൽ നിന്നുള്ള ഇന്ത്യയിലെ അറിയപ്പെടുന്ന ദളിത് നേതാവ് കൂടിയാണ് പസ്വാൻ. രണ്ടാം മോദി സർക്കാരിൽ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായിരുന്നു.
ജനതാ പാർട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിക്കെതിരേ കടുത്ത നിലപാടെടുത്ത വിദ്യാർഥി നേതാവായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമുള്ള സമരമുഖമാണ് പസ്വാനിലെ രാഷ്ട്രീയ നേതാവിനെ പുറത്തുകൊണ്ടുവരുന്നത്. ഏറെക്കാലം തടവിലായ പസ്വാൻ പിന്നീട് നടന്ന നിരവധി തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിച്ചു.