നെടുമ്പാശേരി: വിദേശത്തേക്കു കടത്താൻ ശ്രമിച്ച 4.8 കിലോഗ്രാം കഞ്ചാവുമാകി ചാവക്കാട് സ്വദേശി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി.
ചാവക്കാട് കുരഞ്ഞിയൂർ സ്വദേശി സജീർ അഹമ്മദ് (34) ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെ ഇവിടെ നിന്നുള്ള എയർ അറേബ്യ വിമാനത്തിൽ ഷാർജയിലേക്കു പോകാനെത്തിയ ഇയാളെ സുരക്ഷാ പരിശോധനയ്ക്കിടെ സി.ഐ.എസ്.എഫ് ആണ് പിടികൂടിയത്. കഞ്ചാവ് നാലു പാക്കറ്റുകളിലാക്കി ഇയാളുടെ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കഞ്ചാവു സഹിതം സജീറിനെ നർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കു കൈമാറി. ഷാർജയിലെ സുഹൃത്തിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സ്വദേശിയാണ് ബാഗ് നൽകിയതെന്ന് ഇയാൾ പറയുന്നു. വിമാനത്താവളത്തിലേക്കു വരുമ്പോൾ തൃശൂരിൽ വച്ചാണ് ബാഗ് നൽകിയതെന്നും പറയുന്നു.

