Thursday, September 19, 2024

കൊറോണയുടെ ഇരുട്ടിലും നിറം മങ്ങാത്ത ഈസ്റ്ററുമായി ടോവിനോ

ര്‍ക്കും ഇതുവരെ പരിചിതമല്ലാത്ത ഒരു ഉത്സവകാലമാണിത്. ശുഭവാര്‍ത്തയേക്കാള്‍ ഭീതികരവും നിരാശാ ജനകവുമായ വര്‍ത്തകളാല്‍ ചുറ്റുപാടുകള്‍ കലുഷിതമായിരിക്കുന്നു. ആഘോഷങ്ങളും ഒത്തുകൂടലും ഇല്ലാത്ത ഒരു ഉയര്‍പ്പു തിരുനാള്‍ എത്തിയിരിക്കുന്നു. സഹനത്തിനും കുരിശു മരണത്തിനും മീതെ  വലിയൊരു വിജയത്തിന്റെ കാഹള ധ്വനിയുമായി എത്തുന്ന  ഈ ഈസ്റ്റര്‍ നമുക്ക് നല്‍കുന്നത്  പ്രത്യാശയുടെയും പ്രതീക്ഷയയുടെയും സന്ദേശം കൂടിയാണ്. അത് പോലെ സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ഈ പോരാട്ടത്തില്‍ കോവിഡ് വിമുക്തമായ നാടെന്ന സന്ദേശം ഉടനെ കേള്‍ക്കും എന്ന ശുഭ പ്രതീക്ഷയിലാണ് നമ്മുടെ പ്രിയതാരമായ ടോവിനോ യാതൊരുവിധ ആഘോഷങ്ങളും ഒത്തുകൂടലും പാടില്ലെങ്കിലും നമ്മുടെ മനസ്സിലാണ് ആഘോഷങ്ങള്‍ക്ക് തിരി തെളിയുന്നത് എന്നും എങ്കില്‍ നാം ഓരോരുത്തരും ആഘോഷങ്ങളിലാണെന്നും ടോവിനോ പറയുന്നു

ആഘോഷങ്ങള്‍ ഇല്ലാത്ത ഈസ്റ്റര്‍ 

സാധാരണ ഞങ്ങള്‍ കുടുംബത്തിലെ എല്ലാവരും ഈസ്റ്റര്‍ വേളയില്‍ ഒരു നേരമെങ്കിലും ഒന്നിച്ചു കൂടാറുണ്ട്. പിന്നെ ഈസ്റ്റര്‍ ദിനത്തിലെ പ്രത്യേകത എല്ലാവര്‍ഷവും ഒന്ന് തന്നെയാണ്. അത് അമ്മയുടെ രുചിയൂറുന്ന വിഭവങ്ങള്‍ ആണ്. എന്നാല്‍  ഇത്തവണ ഇങ്ങനെ ഒരു മഹാവിപത്തു വരികയും ആഘോഷങ്ങള്‍ എല്ലാം ഒരു പരിധി നിശ്ചയിക്കേണ്ട അവസ്ഥ കൂടി വന്നു. എന്റെ ഈ വര്‍ഷത്തെ ഈസ്റ്ററില്‍ എന്റെ അമ്മ ഉണ്ടാക്കുന്ന വിഭവങ്ങള്‍ ഇല്ല എന്നത് തന്നെയാണ് ഒരു വലിയ നഷ്ടം. അമ്മയുടെ അനിയത്തിയുടെ ചികിത്സയുടെ ഭാഗമായി അമ്മയും അവരോടൊപ്പം വെല്ലൂരില്‍ ആയിരുന്നു. അവിടെന്നു ഡിസ്ചാര്‍ജ് ചെയ്തു വന്നത് കഴിഞ്ഞ ദിവസമാണ്. അതുകൊണ്ട് അമ്മ ഹോം ക്വാറന്റൈനില്‍ ആണ്. അതുകൊണ്ട് തന്നെ കുട്ടികള്‍ വീട്ടില്‍ നില്‍ക്കണ്ട എന്ന ഒരു തീരുമാനം കൊണ്ടും ഭാര്യയെയും കുഞ്ഞിനേയും ചേട്ടന്റെ കുടുംബത്തെയും അവരുടെ വീടുകളിലേക്കാക്കി .അതും ഒരു തരത്തില്‍ ഈസ്റ്ററിന്റെ മാറ്റു കുറയ്ക്കുണ്ട്.

ഇപ്പോള്‍ വീട്ടില്‍ അമ്മയും അപ്പനും ഞാനും ചേട്ടനും മാത്രമായ ഒരു അവസ്ഥ, പെങ്ങളുടെ വിവാഹശേഷം ഞാനും ചേട്ടനും ബാച്ചലേഴ്സ് ആയിരുന്നപ്പോള്‍ ഉണ്ടായിരുന്ന ഈസ്റ്റര്‍ ആഘോഷമാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്.പൊതുവെ എല്ലാ ആഘോഷങ്ങള്‍ക്കും പാചകം ഒന്നിച്ചാണ്.എന്തൊക്കെ ചെയ്താലും അമ്മയുടെ കൈ എത്തിയില്ലെങ്കില്‍ ഒരു തൃപ്തി ഉണ്ടാവില്ല.ഇത്തവണ അമ്മയെ അടുക്കളയിലേക്കു കയറ്റുന്നില്ല എന്ന് മാത്രമല്ല, അമ്മയെ അമ്മയുടെ മുറിയില്‍ നിന്നും പുറത്തിറക്കുന്നില്ല. ശരിക്കും പറഞ്ഞാല്‍  ഒരുപാട് വര്‍ഷങ്ങളായി ‘അമ്മ ചെയ്തുകൊണ്ടിരുന്ന ജോലികള്‍ ഇപ്പോള്‍ ഞാനും, അപ്പനും,ചേട്ടനും  കൂടിയാണ് ചെയ്യുന്നത്. അലക്കലും ,വീട് വൃത്തിയാക്കലും ,പാചകവും എല്ലാം.ഞങ്ങളുടെ വീട്ടില്‍ ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോം എടുത്ത് ജോലിചെയ്യുന്ന വരുമാനം ഉള്ള ഒരാള്‍ ചേട്ടനായത് കൊണ്ട് ചേട്ടനു  മാത്രം ചെറിയ ഒരിളവ് ഞങള്‍ കൊടുത്തിട്ടുണ്ട്.ലോക്ക് ഡൗണില്‍ ഒക്കെ ആണെങ്കിലും ഈസ്റ്ററില്‍ പ്രധാനമായും ഭക്ഷണമാണല്ലോ.അതു ഞങ്ങള്‍ എന്തായാലും നഷ്ട്ടപ്പെടുത്തുന്നില്ല .ഞങ്ങള്‍ക്കു വേണ്ട  വിഭവങ്ങള്‍ ഞങള്‍ തന്നെ ഉണ്ടാക്കാന്‍ ഉള്ള പരിപാടിയില്‍ ആണിപ്പോള്‍.എന്ത് തന്നെയായാലും അമ്മയുടെ കൈപ്പുണ്യം ശരിക്കും മിസ്സ്  ചെയ്യും ലോക്ക് ഡൗണ്‍ ആയതു കൊണ്ടും ഒത്തു കൂടല്‍ ഒന്നും പാടില്ല എന്ന കര്‍ശന നിര്‍ദ്ദേശമുള്ളതു കൊണ്ടും അതെല്ലാം ഒഴിവാക്കിയിരിക്കുകയാണ് ഈ ഈസ്റ്ററില്‍.

പ്രളയ സമയത്തു ഒരുപാടു ആക്റ്റീവ് ആയിരുന്നല്ലോ, കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ എന്തെങ്കിലും പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ?

നമ്മളോടൊക്കെ വീട്ടില്‍ ഇരിക്കുക എന്ന് കര്‍ശനമായി പറഞ്ഞ നിലയ്ക്ക് അത് പാലിക്കുക എന്നത് തന്നെയാണ് ഓരോരുത്തരുടെയും ഉത്തരവാദിത്തം.നമുക്കോരോരുത്തര്‍ക്കും വേണ്ടിയാണ് ഈ നിയന്ത്രണങ്ങള്‍ എന്നു മനസിലാക്കി അതനുസരിച്ചു മുന്‍പോട്ടു പോവുക എന്നതാണ് എനിക്ക് പറയാന്‍ ഉള്ളത്. സിനിമ പ്രവര്‍ത്തകര്‍ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനില്‍ ഞാനും ഭാഗമാണ് .ഫെഫ്ക്കയുടെ ഒരു മുന്‍കൈയെടുക്കല്‍ ഉണ്ടായിരുന്നു, ഞാന്‍ അതില്‍ ഭാഗമായിരുന്നു. അതുപോലെ തന്നെ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പൈനില്‍ സെല്‍ഫി വീഡിയോസ് ചെയ്യാറുണ്ട്. ഈ സമയത്തു ഏറ്റവും അടിസ്ഥനമായി വേണ്ടത് നമ്മള്‍ വീട്ടിലിരുന്നു മറ്റുള്ളവര്‍ക്ക് മാതൃകയാവുക എന്നതാണ്. അല്ലാതെ പുറത്തിറങ്ങി പുതുതായി ഒന്നും ചെയ്യേണ്ട കാര്യമില്ല.

ചെയ്തു തീര്‍ക്കാനുള്ള വര്‍ക്ക് 

മിന്നല്‍ മുരളി എന്ന സിനിമയുടെ ഷൂട്ടിങിലായിരുന്നു.അതിന്റെ ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് .എന്നിട്ടു വേണം അടുത്ത മൂവിയിലേക്ക് പോവാന്‍.അതിനേക്കാളൊക്കെ പ്രധാനം നമ്മുടെ നാട് കോവിഡ്  വിമുക്തമാവുക എന്നതാണ്.അതിനു വേണ്ടി എല്ലാവരും ഒരുപോലെ സഹകരിച്ചു സധൈര്യത്തോടെ മുന്‍പോട്ടു പോവുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments