തൃശൂർ: വെള്ളികുളങ്ങരയിൽ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി രക്ഷപ്പെട്ട ഇഞ്ചക്കുണ്ട് സ്വദേശി അനീഷിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഞായറാഴ്ച രാവിലെയാണ് വീട്ടിനുപുറത്ത് വെച്ച് അനീഷ് അച്ഛൻ കുട്ടനെയും അമ്മ ചന്ദ്രികയെയും വെട്ടിക്കൊലപ്പെടുത്തിയത്. ഇവിടെ നിന്ന് കൂടി നിന്നവരെ ഭീഷണിപ്പെടുത്തി പോലീസിനെയും വിവരമറിയിച്ചാണ് അനീഷ് ബൈക്കെടുത്ത് രക്ഷപ്പെട്ടത്. കെ.എൽ.എട്ട് പി 0806 നമ്പരിലുള്ള കറുപ്പും നീല നിറത്തിലുള്ള ഹീറോ ഹോണ്ട ബൈക്കിലാണ് രക്ഷപ്പെട്ടത്. രക്ഷപ്പെടുമ്പോൾ ഇളംപച്ച നിറത്തിലുള്ള ടീ ഷർട്ടും കരിനീല നിറത്തിലുള്ള ടൗസറുമാണ് ധരിച്ചിരിക്കുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ വെള്ളിക്കുളങ്ങര പോലീസിനെ അറിയിക്കണമെന്ന് പോലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിൽ അറിയിക്കുന്നു. വെള്ളികുളങ്ങര ഇഞ്ചക്കുണ്ടില്‍ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീടിന് മുന്‍പില്‍ മാവിന്‍ തൈ നടുന്നതിനെ ചൊല്ലി അമ്മ ചന്ദ്രികയുമായി അനീഷ് തര്‍ക്കത്തിലാവുകയും ചന്ദ്രികയുടെ പക്കലുണ്ടായിരുന്ന മണ്‍ വെട്ടി വാങ്ങി തലയ്ക്കടിക്കുകയുമായിരുന്നു. ഇതുകണ്ട് തടയാന്‍ എത്തിയതാണ് അച്ഛന്‍. ഇതിനിടെ പ്രതി വീടിനകത്തു നിന്നും വെടുകത്തിയെടുത്തുകൊണ്ട് വന്ന് അച്ഛനെ വെട്ടുകയായിരുന്നു. തുടര്‍ന്ന് അമ്മയേയും വെട്ടി. കഴുത്തിനു വെട്ടേറ്റ കുട്ടനും ചന്ദ്രികയും സംഭവസ്ഥലത്തുതന്നെ മരിച്ചു. അനീഷാണ് കൊലപാതക വിവരം നാട്ടുകാരെ അറിയിച്ചത്. പോലീസ് എത്തും മുന്‍പെ അനീഷ് സംഭവസ്ഥലത്തുനിന്ന് ബൈക്കിൽ രക്ഷപ്പെട്ടു .അനീഷും മാതാപിതാക്കളും തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.