പൊന്നാനി: വഴിയിൽ നിന്ന് 43,000 രൂപ വീണ് കിട്ടിയതിന്റെ ഉടമസ്ഥാവകാശം പറഞ്ഞ് ചെന്നതോടെ കുഴൽപ്പണക്കടത്തുകാരൻ പിടിയിൽ. അതിതലക്കൽ അഷ്റഫി(48)നെയാണ് പൊന്നാനി പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ട് റോഡരികിൽ നിന്നാണ് ആംബുലൻസ് ഡ്രൈവർമാർക്ക് 43,000 രൂപ ലഭിച്ചത്. ഇവർ പണം പൊന്നാനി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. തുടർന്ന് അഷ്റഫ് തന്റെ പണം പോക്കറ്റിൽ നിന്നും വീണുപോയതാണന്ന് പറഞ്ഞ് സ്റ്റേഷനിലെത്തി. ഇയാളുടെ പേര് പൊലീസ് സോഫ്റ്റ് വെയറിൽ പരിശോധിച്ചപ്പോൾ മുമ്പ് കുഴൽപ്പണ കേസിൽ ഇയാൾ പിടിക്കപ്പെട്ട വ്യക്തിയാണന്ന് മനസ്സിലായി. ഇതോടെ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം വാഹനം പരിശോധിച്ചപ്പോഴാണ് 4.5 ലക്ഷം രൂപ കൂടി കണ്ടത്തിയത്.
വേങ്ങര സ്വദേശിയായ ഒരു വ്യക്തിയുടെ നിർദേശാനുസരണം അഞ്ച് ലക്ഷം രൂപ വിതരണം ചെയ്യാനാണ് പൊന്നാനിയിൽ എത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. 7,000 രൂപ മാത്രമെ വിതരണം നടത്തിയുള്ളു. ബാക്കി വരുന്ന തുക പൊലീസ് പിടിച്ചെടുത്തു. കുഴൽപ്പണ സംഘത്തിലെ കൂടതൽ ആളുകളെ കുറിച്ച് അന്വേഷണം നടത്തുന്നതായി പൊന്നാനി സ്റ്റേഷൻ ഓഫീസർ വിനോദ് വലിയാറ്റൂർ പറഞ്ഞു. പരിശോധനയിൽ സ്റ്റേഷൻ ഓഫീസർക്ക് പുറമെ എസ് ഐ തോമസ്, റൈറ്റർ പ്രജീഷ്, എ എസ് ഐ അനിൽ കുമാർ, പ്രവീൺ കുമാർ, പ്രിയ എന്നിവരും പങ്കെടുത്തു.