Sunday, November 10, 2024

പോസ്റ്റോഫീസിൽ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് ഓട്ടോ സുഹൈൽ പിടിയിൽ

അന്തിക്കാട്: പെരിങ്ങോട്ടുകരയിൽ പോസ്റ്റ് ഓഫീസിൽ മോഷണം നടത്തുകയും രേഖകൾ അഗ്നിക്കിരയാക്കുകയും ചെയ്ത കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. ഓട്ടോ സുഹൈൽ എന്നു വിളിക്കുന്ന വാടാനപ്പിള്ളി സ്വദേശി രായംമരയ്ക്കാർ വീട്ടിൽ സുഹൈലിനെ(43)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വീഡിയോ കാണാം ….👇

തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോങ്ങ്ഗ്രേ രൂപീകരിച്ച ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ബാബു കെ തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഫെബ്രുവരി മൂന്നിന്ന് പെരിങ്ങോട്ടുകര പോസ്റ്റ് ഓഫീസിൽ മോഷണം നടത്തുകയും രേഖകൾ തീയിട്ടു നശിപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. രാവിലെ പോസ്റ്റ് ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരിയാണ് മുൻവാതിൽ പൊളിച്ച നിലയിലും ഉള്ളിൽ നിന്നു പുക വരുന്നതും കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. സംഭവം അറിഞ്ഞ ഉടനെ തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോങ്ങ്ഗ്രേ സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തി അന്വേഷണ ചുമതല ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ബാബു കെ.തോമസ്, അന്തിക്കാട് എസ്.എച്ച്.ഒ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് ചുമതല നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
മോഷണത്തിനിടെ ലോക്കർ പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിൽ രോഷാകുലനായാണ് രേഖകളും തപാൽ ഉരുപ്പടികളും കത്തിച്ചതെന്ന് പ്രതി പറഞ്ഞു. അന്വേഷണ സംഘം സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും ടെക്നിക്കൽ തെളിവുകളും പരിശോധിച്ച് കൃത്യമായ തെളിവുകളോടെയാണ് സുഹൈലിനെ പിടികൂടിയത്. മുമ്പ് പല കേസുകളിൽ പിടികൂടാനെത്തിയപ്പോൾ ഓടി രക്ഷപ്പെട്ടിട്ടുള്ളതിനാൽ പോലീസ് സംഘം ടീമുകളായെത്തി വളഞ്ഞാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ സുഹൈലിന് കേരളത്തിലെ ഇരുപതോളം സ്റ്റേഷനുകളിലായി സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ മോഷണ കേസുകൾ നിലവിലുണ്ട്.
കൂടാതെ വീടുകൾ പൊളിച്ച് സ്വർണ്ണവും പണവും മോഷ്ടിച്ച കേസുകളും നിരവധി വാഹനമോഷണ കേസുകളുമുണ്ട്. തൃശൂർ ജില്ലയിലെ തീരദേശ സ്റ്റേഷനുകളായ കൊടുങ്ങല്ലൂർ, മതിലകം, വാടാനപ്പിള്ളി, വലപ്പാട്, ചാവക്കാട് സ്റ്റേഷനുകളിലും കുന്നംകുളം പേരാമംഗലം അന്തിക്കാട്, കാട്ടൂർ സ്റ്റേഷനുകളിലും ഇയാൾ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. കൂടാതെ മലപ്പുറം, കുറ്റിപ്പുറം, വളാഞ്ചേരി, എറണാകുളം ജില്ലയിലെ വരാപ്പുഴ, ആലുവ, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, പട്ടാമ്പി സ്റ്റേഷനുകളിലായി നാൽപതോളം കേസുകളിലും സുഹൈൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കേരളത്തിൽ നിന്ന് നിരവധി ഓട്ടോറിക്ഷകളും പിക്അപ് വാനുകളും മോഷ്ടിച്ച് തമിഴ്നാട്ടിൽ കൊണ്ടുപോയി വിൽപ്പന നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അന്തിക്കാട് എസ്.ഐ കെ.എച്ച് റെനീഷ്, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒ മാരായ ഇ.എസ് ജീവൻ, സോണി സേവ്യർ, സി.പി.ഒമാരായ കെ.എസ് ഉമേഷ്, പി.വി വികാസ്, അന്തിക്കാട് സ്റ്റേഷനിലെ എ.എസ്.ഐമാരായ എം അരുൺ, എം.കെ അസീസ്, സീനിയർ സി.പി.ഒ ബി.കെ ശ്രീജിത്ത്, അനൂപ്, വൈശാഖ് എന്നിവരാണ് പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments