ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ രണ്ടാം വിളക്ക് ദിവസമായ ചൊവ്വാഴ്ച രാത്രിയിൽ സ്വർണ്ണപ്പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളിയ ഗുരുവായൂരപ്പനെ ദർശിക്കാൻ വൻ തിരക്ക്. രാത്രി 8നു വടക്കേനടയിൽ സ്വർണ മണ്ഡപം രാജകീയ പ്രൗഢിയിൽ ആലവട്ടവും വെഞ്ചാമരവും നെറ്റിപ്പട്ടവും കൊണ്ട് അലങ്കരിച്ചു. വീരാളിപ്പട്ടു വിരിച്ച്ഭഗവാന്റെ തങ്കത്തിടമ്പെഴുന്നള്ളിച്ചു. ചുറ്റും 12 വെള്ളിവിളക്കുകൾ. പ്രഭ ചൊരിഞ്ഞു . മുന്നിൽ ദീപസ്തംഭം തെളിഞ്ഞു. സുഗന്ധ ധൂപമുയർന്നു.
എഴുന്നള്ളിച്ചുവച്ചയുടൻ ഗണപതിക്കയ്യ് കൊട്ടി തായമ്പക തുടങ്ങി. അടിയന്തരം മാരാർ ഗുരുവായൂർ കൃഷ്ണകുമാർ മണ്ണാർക്കാട് ശശി ,മണ്ണാർക്കാട് മോഹനൻ ,കക്കാട് രാജപ്പൻ , കല്ലൂർ ഉണ്ണികൃഷ്ണൻ എന്നിവർ ആദ്യ ദിവസത്തെ തായമ്പക അവതരിപ്പിച്ചു. എട്ടാം വിളക്കു വരെ പഴുക്കാമണ്ഡപ ദർശനം തുടരും. ദർശന ശേഷം കൊമ്പു പറ്റും കുഴൽപറ്റും വിളക്കെഴുന്നള്ളിപ്പും കഴിഞ്ഞ് അകത്തേക്ക് എഴുന്നള്ളിച്ചു