ഗുരുവായൂർ : കാലപ്പഴക്കത്താൽ ചൈതന്യം നഷ്ടമായ ഗുരുവായൂർ ക്ഷേത്രത്തിലെ നരസിംഹാവതാരം എണ്ണ ഛായാചിത്രത്തിന് പുനർജനി. ശീവേലിപ്പുരയിൽ വലിയ ബലിക്കല്ലിന് മുകൾ ഭാഗത്തായി സ്ഥാപിച്ചിരുന്ന ചിത്രമാണ് പുതുക്കി സൃഷ്ടിച്ചത്. ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാൾ കെ.യു. കൃഷ്ണകുമാർ, വിദ്യാർത്ഥികളായ ശരത്ത്, വിവേക്, കാർത്തിക് എന്നിവർ ചേർന്ന് ‘പുതുജീവൻ’ പകർന്ന ചിത്രം ഇന്നു രാവിലെ ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ചു. ക്ഷേത്രം ഗോപുരത്തിന് മുന്നിൽ വെച്ച് ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ ചേർന്ന് ചിത്രം ഏറ്റുവാങ്ങി. തുടർന്നാണ് ശ്രീ ഗുരുവായൂരപ്പന് മുന്നിൽ സമർപ്പിച്ചത്.രാത്രിയിൽ തിരക്കൊഴിയുന്ന നേരം ചിത്രം യഥാസ്ഥാനത്ത് പുനസ്ഥാപിക്കും.ചടങ്ങിൽ ദേവസ്വം ഭരണ സമിതി അംഗങ്ങായ എ വി.പ്രശാന്ത്, മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ സന്നിഹിതരായി.