ഗുരുവായൂർ: ഗജരത്‌നം പത്മനാഭന്റെ കഥ പറയുന്ന ചുമര്‍ ചിത്രങ്ങള്‍ മിഴി തുറന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ചിത്രങ്ങളുടെ നേത്രോന്മീലനം നിര്‍വ്വഹിച്ചു. ശ്രീവത്സം ഗസ്റ്റ്ഹൗസ് വളപ്പിലെ പത്മനാഭന്റെ പ്രതിമയ്ക്ക് മുന്നിലുള്ള പുറംമതിലില്‍ റോഡിന് അഭിമുഖമായാണു ചുമര്‍ ചിത്രങ്ങള്‍ തീര്‍ത്തിട്ടുള്ളത്. മതിലില്‍ 60 അടി നീളത്തിലും അഞ്ചടി വീതിയിലുമായി 13 ചിത്രങ്ങളിലൂടെയാണ് പത്മനാഭന്റെ കഥ പറയുന്നത്. ദേവസ്വം ചുമര്‍ചിത്ര പഠനകേന്ദ്രത്തിലെ വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളുമുള്‍പ്പെടെയുള്ള സംഘം മൂന്ന് ദിവസമെടുത്താണ് ചിത്രങ്ങള്‍ വരച്ചത്. പത്മനഭാന്റെ ചിത്രത്തില്‍ കണ്ണ് വരച്ചാണ് മന്ത്രി നേത്രോന്മീലനം നിര്‍വ്വഹിച്ചത്.
ജീവിതത്തില്‍ ആദ്യമായാണ് നേത്രോന്മീലം നിര്‍വ്വഹിച്ചതെന്ന് മന്ത്രി പറഞ്ഞു. അത് പത്മനാഭന്റേതായതില്‍ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. എന്‍.കെ അക്ബര്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബി മോഹന്‍ദാസ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി വിനയന്‍ എന്നിവരും നേത്രോന്മീലനത്തില്‍ പങ്കാളികളായി.