Friday, November 22, 2024

വർഗീയ വിദ്വേഷ മുദ്രവാക്യമുയർത്തി ചാവക്കാട്ട് ആർ.എസ്.എസ് പ്രകടനം: കേസെടുക്കണമെന്ന് യൂത്ത് ലീഗ്

ചാവക്കാട്: മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചതിൽ പ്രതിഷേധിച്ച് ആർ.എസ്.എസ് ചാവക്കാട് നടത്തിയ പ്രകടനത്തിൽ മുസ്ലിംകൾക്കെതിരെ വിദ്വേഷ മുദ്രവാക്യമുയർത്തിയവർക്കെതിരെ കേസെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.എസ് സെൽവരാജിന്റെ ഒത്താശയോടെയാണ് ആർ.എസ്.എസ് പ്രകടനം നടത്തിയതെന്നും യൂത്ത് ലീഗ് ആരോപിച്ചു.
വർഗീയവിഷം ചീറ്റുന്ന മുദ്രാവാക്യവുമായി പ്രകടനം നടത്തിയവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയപ്പോൾ ആർ.എസ്.എസിനെ സഹായിക്കുന്ന നിലപാടാണ് എസ്.എച്ച്.ഒ സ്വീകരിച്ചതെന്ന് യൂത്ത് ലീഗ് ആരോപിച്ചു.
ഇതേ തുടർന്ന് ഗുരുവായൂർ എ.സി.പി കെ.ജി സുരേഷിന് യൂത്ത്‌ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി
പരാതി കൈമാറി. എസ്.എച്ച്.ഒക്കെതിരെ നടപടിയെടുക്കുമെന്നും വിദ്വേഷ മുദ്രവാക്യമുയർത്തിയവർക്കെതിരെ കേസെടുക്കുമെന്നും എ.സി.പി ഉറപ്പുനൽകി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.
ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരമുറകളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത്‌ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈൽ തങ്ങൾ , ജനറൽ സെക്രട്ടറി നസീഫ് യൂസഫ് , ട്രഷറർ എം.സി ഗഫൂർ എന്നിവർ അറിയിച്ചു. കേസെടുക്കാതെ നിഷേധാത്മക നിലപാടുമയാണ് പോലീസ് മുന്നോട്ട് പോകുന്നതെങ്കിൽ തുടർന്നുണ്ടാവുന്ന പ്രശ്നങ്ങൾക്ക് പോലീസ് മാത്രമായിരിക്കും ഉത്തരവാദികളെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി.
പ്രദേശത്ത് വർഗ്ഗീയപരമായി യാതൊരു ചേരിതിരിവോ അഭിപ്രായ വ്യത്യാസമോ നിലവില്ലാതിരിക്കെയും വളരെ സൗഹൃദത്തോടെ കഴിയുന്ന സാഹചര്യം നിലനിൽക്കുകയും സംഭവത്തിൽ പിടിക്കപ്പെട്ട പ്രതികളിൽ മൂന്ന് പേരിൽ രണ്ട് പേർ മുസ്‌ലിംകൾ അല്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് സംഭവവുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തിനെ സമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ആർ.എസ്.എസ് പ്രകടനം നടത്തിയത്.
പ്രകോപനപരമായി മുദ്രാവാക്യമുയർത്തി നാട്ടിലെ നിലവിലുള്ള സമാധാനന്തരീക്ഷം തകർക്കുകയും അതിലൂടെ രാഷ്ട്രീയ ലാഭം കൊയ്യുക എന്നതുമാണ് ആർ.എസ്.എസിന്റെ ഗൂഡലക്ഷ്യമെന്നും യൂത്ത് ലീഗ് ആരോപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments