Saturday, November 23, 2024

ചാവക്കാട് ബി.ജെ.പി പ്രവർത്തകന്റെ കൊലപാതകം; രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

ചാവക്കാട്: മണത്തല ചാപ്പറമ്പിൽ ബി.ജെ.പി പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. മണത്തല പള്ളിപറമ്പിൽ ഗോപിനാഥന്റെ മകൻ അനീഷ്(33), മണത്തല മേനോത്ത് വീട്ടിൽ ജ്യോതിബസുവിന്റെ മകൻ വിഷ്ണു(21), അനീഷിന്റെ സുഹൃത്ത് ചൂണ്ടൽ ചെറുവാലിയിൽ വീട്ടിൽ മുഹമ്മദുണ്ണിയുടെ മകൻ സുനീർ (40) എന്നിവരാണ് അറസ്റ്റിലായത്. അനീഷ്, വിഷ്ണു എന്നിവർ എസ്.ഡി.പി.ഐ പ്രവർത്തകരാണ്. മരിച്ച ബിജുവിന്റെ സുഹൃത്തും പ്രതികളും തമ്മിലുണ്ടായ വാക്കുതർക്കത്തെത്തുടർന്നുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലിസ് പറഞ്ഞു. കേസിലെ ഒന്നാം പ്രതിയായ അനീഷ് നിരവധി കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമാണ്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് ബിജെപി പ്രവർത്തകൻ മണത്തല നാഗയക്ഷി ക്ഷേത്രത്തിനടുത്ത് കൊപ്ര ബിജുവിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്തിയത്. സംഭവം നടന്നയുടൻ തന്നെ തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി ആർ ആദിത്യയുടെ നിർദ്ദേശാനുസരണം ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ.ജി. സുരേഷിന്റെ മേൽനോട്ടത്തിൽ ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.എസ് സെൽവരാജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പ്രതികളും പിടിയിലായത്. ചാവക്കാട് എ.എസ്.ഐമാരായ സജിത്ത്കുമാർ, ബിന്ദുരാജ്, സിവിൽ പോലീസ് ഓഫീസർമാരായ ശരത്, ആഷിഷ്, മെൽവിൻ എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments