ന്യൂഡൽഹി: വാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കാനുള്ള നിരക്കുകളിൽ വൻ വർധന വരുത്തി ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. വാഹനം പൊളിക്കൽ നയം നടപ്പാക്കുന്നതിന്റെ ഭാഗമാണിത്. വാഹനം പൊളിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതിയ വാഹനത്തിന് റജിസ്ട്രേഷൻ ഫീസ് ഉണ്ടാകില്ല. ബസുകൾക്ക് നിലവിലുള്ള റജിസ്ട്രേഷൻ ഫീസിന്റെ പന്ത്രണ്ടര ഇരട്ടിയും കാറുകൾക്ക് എട്ടിരട്ടിയോളവും റീ റജിസ്ട്രേഷൻ ഫീസിൽ വർധനയുണ്ടാകും. അടുത്ത വർഷം ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരും.
ഇതുവരെ പുതിയ വാഹനങ്ങളുടെ റജിസ്ട്രേഷൻ ഫീസിന്റെ പകുതിയായിരുന്നു പുതുക്കാനുള്ള ഫീസ്. റജിസ്ട്രേഷൻ പുതുക്കാൻ വൈകിയാൽ മോട്ടർ സൈക്കിളിന് പ്രതിമാസം 300 രൂപയും മറ്റ് നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 500 രൂപയും പിഴയുണ്ടാകും. പുതിയ ആർസി സ്മാർട് കാർഡ് രൂപത്തിലാക്കണമെങ്കിൽ 200 രൂപ ഫീസും നൽകണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കാൻ വൈകിയാൽ പ്രതിദിനം 50 രൂപവീതം പിഴയുണ്ടാകും. ഇതു സംബന്ധിച്ച് മാർച്ചിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പൊതുജനാഭിപ്രായപ്രകാരമുള്ള ഭേദഗതികൾ കൂടി വരുത്തിയാണ് പുതിയ വിജ്ഞാപനം.
പുതുക്കിയ റീ റജിസ്ട്രേഷൻ നിരക്കുകൾ:
∙മോട്ടർ സൈക്കിൾ– 1000 രൂപ
∙മുച്ചക്രവാഹനം, ക്വാഡ്രൈസിക്കിൾ– 2500 രൂപ
∙എൽഎംവി– 5000 രൂപ
∙മീഡിയം ഗുഡ്സ്, പാസഞ്ചർ വാഹനം– 1000 രൂപ
∙ഹെവി ഗുഡ്സ്, പാസഞ്ചർ– 1000 രൂപ
∙ഇറക്കുമതി ഇരുചക്ര, മുച്ചക്ര വാഹനം– 10,000 രൂപ
∙ഇറക്കുമതി നാലുചക്രമോ അതിലധികമോ ഉള്ളവ– 40,000 രൂപ.
∙ഇവയിലൊന്നും പെടാത്ത മറ്റു വാഹനങ്ങൾ– 6000 രൂപ
15 വർഷത്തിലേറെ പഴക്കമുള്ള സ്വകാര്യ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് നിരക്ക്
(മാന്വൽ, ഓട്ടമേറ്റഡ് എന്ന ക്രമത്തിൽ)
∙മോട്ടർ സൈക്കിൾ: 400, 500 രൂപ
∙മുച്ചക്രവാഹനം: 80, 1000 രൂപ
∙മീഡിയം ഗുഡ്സ്, പിവി: 800, 1300 രൂപ
∙ഹെവി ഗുഡ്സ്, പിവി: 1000, 1500 രൂപ.
15 വർഷത്തിലേറെ പഴക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് നിരക്ക്:
∙മോട്ടർ സൈക്കിൾ: 1000 രൂപ
∙മുച്ചക്രവാഹനം: 3500 രൂപ
∙എൽഎംവി: 7500 രൂപ
∙മീഡിയം ഗുഡ്സ്, പിവി: 10,000 രൂപ
∙ഹെവി ഗുഡ്സ്, പാസഞ്ചർ: 12,500 രൂപ.