പൊന്നാനി: വെളിയങ്കോട് സ്കൂൾപടിയിലെ വാഹനാപകടത്തിൽ ബന്ധുക്കളായ രണ്ടുപേർ മരണപ്പെട്ടു. പുതുപൊന്നാനി കടവനാട് സ്വദേശികളായ തണ്ടിലത്ത് മോഹനൻ ഭാര്യ സുഷ (35), സുഷയുടെ ഭർത്താവിൻ്റെ സഹോദരിയും അവിവാഹിതയുമായ രാധാഭായ് (60)എന്നിവരുമാണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കുപറ്റിയ മോഹനൻ, ശശി, ഒന്നരവയസുകാരനായ കുട്ടി, ലോറി ഡ്രൈവർ ശിവാജി, സഹായി സിദ്ധേഷർ എന്നിവരെ ചാവക്കാട് ഹയാത്ത് ആശുപത്രിൽ പ്രവേശിപ്പിച്ചു.
ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ പുതിയിരുത്തി സ്കൂൾപടിയിൽ ഹർത്താൽദിനം ഉച്ചക്ക് ഒരുമണിയോടെയാണ് കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടാത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിലെ യാത്രക്കാരാണ് മരണപ്പെട്ട രണ്ടു പേരും. മരണപ്പെട്ട രാധാഭായ് പൊന്നാനി താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു. മാതൃ ശിശു ആശുപത്രിയിലെ നഴ്സാണ് സുഷ.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്ത്. പരുക്കുപറ്റിയവർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. മഴയും വേഗതയുമാണ് അപകട കാരണം.
അപകടത്തിൽ പരിക്കേറ്റവരെ കൊണ്ടു പോകാൻ പോയ ആംബുലൻസുകളും അപകടത്തിൽപെട്ടു.ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ പുതുപൊന്നാനി സെൻ്ററിലാണ് അകലാട് വി കെയർ ആംബുലൻസും, പുന്നയൂർകുളം കൂട്ടായ്മ ആംബുലൻസും അപകടത്തിൽ കൂട്ടിയിടിച്ചത്.
സ്കൂൾപ്പടിയിൽ ലോറിയും, കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്ക് പറ്റി പൊന്നാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നവരെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി പുറപ്പെട്ട ആംബുലൻസുകളാണ് അപകടത്തിൽ പെട്ടത്. മറ്റൊരു വാഹനാപകടത്തിൽ പൊന്നാനിയിൽ ഒരു മാധ്യമ പ്രവർത്തകനും മരണപ്പെട്ടിരുന്നു. ഇന്ന് പൊന്നാനിയിൽ രണ്ടു വാഹനാപകടങ്ങളിലായി മൂന്ന് പേരാണ് മരണപ്പെട്ടത്.