കുന്നംകുളം: കുന്നംകുളത്ത് വാഹനപരിശോധനക്കിടെ ഹാഷിഷ് ഓയില്‍ പിടികൂടിയ സംഭവത്തിൽ രക്ഷപ്പെട്ട പ്രതികളെ ദിവസങ്ങള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. ചാവക്കാട് കോടതിപ്പടി വല വീട്ടില്‍ 25 വയസുള്ള രഞ്ജിത്ത്, പേരകം വാഴപ്പുള്ളി പുത്തന്‍തായില്‍ വീട്ടില്‍ 25 വയസുള്ള ഷബീര്‍ എന്നിവരെയാണ് കുന്നംകുളം എ.സി.പി ടി.എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സമ്പൂര്‍ണ്ണ ലോക്ക് ഡൗണിന്റെ ഭാഗമായി കുന്നംകുളം നഗരത്തില്‍ പോലീസ് പരിശോധന നടത്തിവരികയായിരുന്നു.
ഇതിനിടെയാണ് 2 യുവാക്കള്‍ ചുവന്ന സ്വിഫ്റ്റ് കാറില്‍ സംഭവസ്ഥലത്തെത്തിയത്.
ഇവരെ കണ്ട് പന്തികേടു തോന്നിയ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്, വാഹനം പരിശോധിക്കുന്നതിനിടയില്‍ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാഹനത്തിനുള്ളില്‍ സൂക്ഷിച്ച 10 മില്ലി ഹാഷിഷ് ഓയില്‍ പോലീസ് പിടിച്ചെടുത്തത്. രക്ഷപ്പെട്ട പ്രതികളിലൊരാളെ മനസ്സിലാക്കിയ പോലീസ് ഇയാളുടെ
വീട്ടില്‍ നടത്തിയ പരിശോധനയില്‍ 270 മില്ലി ഹാഷിഷ് ഓയില്‍ കൂടി കണ്ടെടുത്തിരുന്നു. തുടര്‍ന്ന് കുന്നംകുളം എസ് എച്ച് ഒ യുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ വ്യാപകമാക്കിയത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രതികള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘങ്ങള്‍ പരിശോധന നടത്തി. ഇതിനിടെ വലപ്പാട് ബീച്ചിനു സമീപത്തു നിന്നും പ്രതികളെ പിടികൂടുകയായിരുന്നു.