Friday, November 22, 2024

ഇത് ചാനുവിന്റെ കഥ; ടോക്കിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ പെണ്ണിന്റെ കഥ


മണിപ്പൂർ: കുന്നിൻപ്രദേശമാണ് മണിപ്പൂരിലെ നോങ്പോക് കാക്ചിങ്. സാധാരണക്കാരുടെ അടുപ്പിൽ തീ പുകയണമെങ്കിൽ വിറകുവെട്ടി തലച്ചുമടായി കുന്നുകയറ്റി കൊണ്ടുവരണമായിരുന്നു അടുത്തകാലംവരെ. അങ്ങനെയുള്ള ഒരു മലയകറ്റത്തിനിടയ്ക്കാണ് സൈഖം മിരാഭായി ചാനുവിലെ ഭാരോദ്വാഹക പിറന്നത്. അമ്മയ്ക്കും ജ്യേഷ്ഠനുമൊപ്പം പതിവ്പോലെ വിറകെടുക്കാൻ പോയതായിരുന്നു പന്ത്രണ്ടുകാരിയായ ചാനു. പക്ഷേ, വലിയ കെട്ട് തലയിലേറ്റി നടക്കാൻ അമ്മയ്ക്കായില്ല. ഒരു കൈ സഹായിക്കാൻ ജ്യേഷ്ഠൻ ശ്രമിച്ചെങ്കിലും തുള്ളി പോലും അനങ്ങിയില്ല കാട്ടുകൊമ്പുകൾ വെട്ടിക്കൂട്ടിയ കെട്ട്. ചാനു രണ്ടാമതൊന്ന് ആലോചിച്ചില്ല. കെട്ട് ഒറ്റയ്ക്ക് തലയിലേറ്റി കുന്നുമുഴുവൻ കയറി വീട്ടിലെത്തിച്ചു. മകളുടെ കരുത്ത് അന്നാണ് അമ്മ ആദ്യമായി തിരിച്ചറിഞ്ഞത്. അവളിലൊരു ഭാവി ഭാരോദ്വാഹകയുണ്ടെന്നു അമ്മയറിഞ്ഞും അന്നാണ്.

മകളുടെ ഇഷ്ടം പക്ഷേ, മറ്റൊന്നായിരുന്നു. ഭാരോദ്വഹനം അവളുടെ മനസിലേ ഉണ്ടായിരുന്നില്ല. മണ്ണിൽ കുളിച്ചുവരുന്ന സഹോദരങ്ങളെ കണ്ടുമടുത്തതുകൊണ്ട് ഫുട്ബോളിനോടും ഉണ്ടായിരുന്നില്ല പഥ്യം. വൃത്തിയുള്ള ഒരു കളിയോടായിരുന്നു ഇഷ്ടം. അങ്ങനെയാണ് അമ്പെയ്ത്ത് മനസ്സിൽ കയറിയത്.

അങ്ങനെ പതിമൂന്നാം വയസ്സിൽ അമ്പെയ്ത്ത് സ്വപ്നം കണ്ട് തലസ്ഥാനമായ ഇംഫാലിലേയ്ക്ക് വച്ചുപിടിച്ചു. കളിച്ചുതന്നെ ജീവിതവൃത്തി കണ്ടെത്തുമെന്നൊരു ദൃഢനിശ്ചയമുണ്ടായിരുന്നു മനസ്സിൽ. ഒരു ബന്ധുവിനൊപ്പം ഇംഫാലിലെ സായി സെന്ററിലെത്തിയ ചാനുവിന് നിരാശയായിരുന്നു ഫലം. അന്നവിടെ അമ്പെയ്ത്തുകാരൊന്നും പരിശീലനം നടത്തുന്നുണ്ടായിരുന്നില്ല. സ്വപ്നം വിരിയുംമുൻപേ വാടിക്കൊഴിഞ്ഞ സങ്കടവുമായി അന്നു തന്നെ വീട്ടിലേയ്ക്ക് മടങ്ങി.

മീരാഭായി ചാനു ഒളിമ്പിക് മെഡലുമായി
ആ മടക്കയാത്ര വലിയൊരു അത്ഭുതം കാത്തുവച്ചിരുന്നു ചാനുവിന്. അ സമയത്ത് നിനയ്ക്കാതെയാണ് ഒരു വീഡിയോ ചാനുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. മണിപ്പൂരിന്റെ ഭാരോദ്വഹന ഇതിഹാസം കുഞ്ചറാണി ദേവിയുടെ പ്രകടനമായിരുന്നു അത്. കുഞ്ചറാണിയുടെ കരുത്തിന് മുന്നിൽ സ്തംബ്ധയായി നിന്നുപോയി ചാനു. പിന്നെ രണ്ടാമതൊരു ചിന്ത മനസിൽ ഉദിച്ചില്ല. ദിവസങ്ങൾക്കുള്ളിൽ തന്നെ ഇംഫാലി തിരിച്ചെത്തി. ഇന്ത്യൻ താരം അനിത ചാനുവിനെ പോയി കണ്ടു. അനിതയാണ് ഭാരോദ്വഹനത്തിൽ ഒരു കൈ നോക്കാനുള്ള ധൈര്യം ചാനുവിന് പകർന്നു നൽകിയത്. ശേഷം ടോക്യോ വരേയുള്ള ചരിത്രം.

പക്ഷേ, നോങ്പോക് കാക്ചിങ്ങിലെ വിറകുകെട്ട് മുതൽ ടോക്യോയിലെ വെള്ളിവരെയുള്ള ചാനുവിന്റെ യാത്ര അത്ര നിസാരമായിരുന്നില്ല. കുട്ടിക്കാലത്തെ പ്രാരാബ്ധത്തേക്കാൾ വലിയ വെല്ലുവിളികളാണ് ഭാരോദ്വഹന തട്ടകം ചാനുവിനുവേണ്ടി കരുതിവച്ചത്.

ഭാരത്തിൽ കൈവച്ചതുമുതൽ ഒരു തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമായിരുന്നു ചാനുവിന്. 2014ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിലെ വെള്ളിയടക്കം നേട്ടങ്ങവ ഒന്നൊന്നായി വെട്ടിപ്പിടിച്ചുകൊണ്ടിരുന്നു ചാനു. അതുകൊണ്ട് തന്നെ അഞ്ച് വർഷം മുൻപ് റിയോയിലേയ്ക്ക് യാത്ര പുറപ്പെടുമ്പോൾ കുട്ടിക്കാലത്തെ വിറകുകെട്ടിനേക്കാൾ വലിയ ഭാരം രാജ്യം എടുത്തുവച്ചിരുന്നു ചാനുവിന്റെ ചുമലിൽ.

എന്നാൽ, റിയോ ഒളിമ്പിക്സ് വലിയൊരു ദുരന്തമായി ചാനുവിന്. ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ നിമിഷം. റിയോയിൽ എത്തുന്നതിന് മുൻപ് ക്ലീൻ ആൻഡ് ജർക്കിൽ 107 കിലോ ഭാരം ഉയർത്തിയ ചരിത്രമുണ്ട് ചാനുവിന്. പക്ഷേ, റിയോയിൽ 104 കിലോഗ്രാം ഭാരമുയർത്താൻ ശ്രമിച്ച ചാനു ആദ്യ ശ്രമത്തിൽ തന്നെ പരാജയപ്പെട്ടു. പിന്നീട് 106 കിലോഗ്രാം ഭാരത്തിന് ശ്രമിച്ചു. അതിലും രണ്ട് ശ്രമങ്ങളിലും പരാജയമായിരുന്നു ഫലം. ക്ലീൻ ആൻഡ് ജർക്കിലും സ്നാച്ചിലുമായി മൊത്തം ആറ് അവസരം ലഭിച്ചപ്പോൾ ഒരിക്കൽ മാത്രമാണ് ചാനുവിന് ഭാരം വിജയകരമായി ഉയർത്താനായത്. സ്നാച്ചിൽ ആറാമതായാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷ ഫിനിഷ് ചെയ്തത്. അതുകൊണ്ട് തന്നെ ഓവറോൾ ടോട്ടൽ ഇല്ലാതെയുമായി. പാട്യാലയിലെ സെലക്ഷൻ ട്രയൽസിലെ പ്രകടനം പോലും ആവർത്തിക്കാവാതെ കടുത്ത നിരാശയിലാണ് ചാനു റിയോ വിട്ടത്. അന്നവിടെ കുഞ്ചറാണി ദേവി ഉയർത്തിയ 107 കിലോഗ്രാം ഭാരം ഉയർത്തിയാണ് ചാനു മെഡൽ പ്രതീക്ഷ ജ്വലിപ്പിച്ചുനിർത്തിയത്.

വലിയ ആരോപണങ്ങളാണ് റിയോയുടെ പേരിൽ ചാനുവിന് നേരിടേണ്ടിവന്നത്. എന്നാൽ, ആരോപണശരങ്ങൾ പിടിവള്ളിയാക്കുകയായിരുന്നു ചാനു. റിയോയിലെ തിരിച്ചടി ഒരു വഴിത്തിരിവാക്കി. തൊട്ടടുത്ത വർഷം അമേരിക്കയിൽ വച്ച് ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടിക്കൊണ്ടായിരുന്നു ചാനുവിന്റെ വിമർശകർക്കുള്ള ചാനുവിന്റെ മറുപടി. അടുത്ത വർഷം കോമൺവെൽത്ത് ഗെയിംസിലും സുവർണപ്രകടനം ആവർത്തിച്ചു.

വൈകാതെവന്നു അടുത്ത വൈതരണി. നടുവേദനയായിരുന്നു പുതിയ വില്ലൻ. കരിയർ തന്നെ അവസാനിച്ചേക്കുമെന്ന ആശങ്കയുടെ കാലമായി പിന്നെ. പക്ഷേ, തോറ്റുകൊടുക്കാൻ ചാനു ഒരുക്കമായിരുന്നില്ല. മത്സരവിഭാഗം മാറുകയായിരുന്നു മുന്നിൽകണ്ട പോംവഴി. അങ്ങനെയാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സ്ഥിരം മത്സരിക്കാറുള്ള 48 കിലോഗ്രാം ഭാരത്തിൽ നിന്ന് 49 കിലോഗ്രാം വിഭാഗത്തിലേയ്ക്ക് മാറുന്നത്. പരിക്ക് പലകുറി വൈതരണികൾ സൃഷ്ടിച്ചിരുന്നു ചാനുവിന്റെ കരിയറിൽ. കഴിഞ്ഞ വർഷം പരിശീലകൻ വിജയ് ശർമയാണ് ഒടുവിൽ അമേരിക്കയിലെ സെന്റ് ലൂയിസിലെ വിഖ്യാത ഫിസിയോതെറാപിസ്റ്റ് ഡോ. ആരൺ ഹോഷിഗിന്റെ അടുക്കലെത്തിക്കുന്നത്. അമേരിക്കൻ മേജർ ലീഗ് ബേസ്ബോളിലും നാഷണൽ ഫുട്ബോൾ ലീഗിലെയും താരങ്ങളെ ചികിത്സിച്ച ഡോ. ആരണിന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതായിരുന്നു. ചുമലിലും ഇടുപ്പിലും ഗുരുതരമായാ പരിക്കുകളുണ്ട്. അവ പരിഹരിക്കാതെ ഇനി ഒരടി മുന്നോട്ടു പോകാനാവില്ല. ഡോ. ഹോർഷിഗിന്റെ ചികിത്സയിലായി പിന്നെ ചാനു. അത്ഭുതകരമായിരുന്നു അവിടുന്നുള്ള തിരിച്ചുവരവ്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം മാത്രമല്ല, ലോക റെക്കോഡ് തിരുത്തുക കൂടി ചെയ്താണ് ചാനു തന്റെ രണ്ടാംവരവറിയിച്ചത്.

ടോക്യോയിലേയ്ക്ക് പറന്ന ഏക ഇന്ത്യൻ ഭാരോദ്വാഹകയാണ് ചാനു. വിമാനം കയറുമ്പോൾ ഒരു കാര്യം ചാനു ഉറപ്പിച്ചിരുന്നു. എന്തു വന്നാലും റിയോ ആവർത്തിക്കില്ല. ഒരു വലിയ ബോട്ടിന്റെ ആകൃതിയിൽ നിർമിച്ച ടോക്യോ ഇന്റർനാഷണൽ ഫോറം എന്ന എക്സിബിഷൻ സെന്ററിൽ കണ്ണീരുപ്പുവീണ ചരിത്രം ആവർത്തിക്കപ്പെടുകയല്ല, മധുരം പുരട്ടിയ ഒരു പുതുചരിത്രം പിറക്കുകയാണുണ്ടായത്. ചരിത്രം എന്നും അങ്ങനെയാണ്. അതെന്നും പോരുതാനുറച്ചവർക്കൊപ്പമാണ്. ഈ സത്യമാണ് ഇരുപത്തിയാറാം വയസ്സിൽ മിരാഭായി ചാനുവെന്ന മണിപ്പൂരുകാരി ഉയർത്തി വെള്ളി നേടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments