Sunday, November 10, 2024

കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ; സാമൂഹിക ജാഗ്രത അനിവാര്യം: എസ്.എസ് എഫ്

തൃശൂർ: കുട്ടികൾക്കെതിരെ സമീപകാലത്തായി വർധിച്ചു വരുന്ന ലൈംഗിക പീഡനങ്ങളും, അതിക്രമങ്ങളും സമൂഹത്തിന്റെ മാനസികാരോഗ്യ ഘടന തകർന്നതിന്റെ സൂചനയാണെന്ന് എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജാഫർ പറഞ്ഞു. എസ് എസ് എഫ് പ്രൊഫഷണൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രൊഫ് സമ്മിറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോക് ഡൗൺ കാലത്ത് മാത്രം സംസ്ഥാനത്ത് ലൈംഗിക പീഡനത്തിനും, കൊലപാതകത്തിനും ഇരയായത് നിരവധി കുരുന്നുകളാണ്. കേരളീയ സമൂഹത്തിന് നാണക്കേടുണ്ടാക്കും വിധമാണ് കുട്ടികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്നത്. വാളയാറിൽ നിന്നും, വണ്ടിപ്പെരിയാറിലെത്തി നിൽക്കുന്ന കുട്ടി കൊലപാതകങ്ങൾ അവസാനിക്കണമെങ്കിൽ സമൂഹവും, നിയമ സംവിധാനങ്ങളും അതി ജാഗ്രത പുലർത്തേണ്ടതുണ്ട്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ പോലും ലൈംഗിക വൈകൃതത്തിന് ഇരയാകുന്നു. നവജാത ശിശുക്കളുൾപ്പടെ കൊല്ലപ്പെടുന്നു. പലതിലും പ്രതിയാകുന്നത് മാതാപിതാക്കൾ തന്നെയാണെന്നത് കൂടുതൽ ആശങ്കയുണ്ടാക്കുന്നു. വലിയൊരു സാമൂഹിക ദുരന്തമായി മാറി കൊണ്ടിരിക്കുന്ന ഈ പ്രവണത അവസാനിപ്പിക്കാൻ സർക്കാറും, സമൂഹവും ഗൗരവായ ആലോചനകൾ നടത്തി പരിഹാരം രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments