കോഴിക്കോട്: പിഎസ്സി കോഴ വിവാദത്തിന്റെ തുടർച്ചയായി ഐഎൻഎല്ലിനെ പിളർത്താനൊരുങ്ങി വിമതർ. കോഴ വിവാദം ഉയർത്തിയ ഇ.സി മുഹമ്മദും സംഘവും പാർട്ടി വിടാൻ തീരുമാനിച്ചു.
പിടിഎ റഹീം എം.എൽ.എയുടെ നാഷണൽ സെക്യുലർ കോൺഫ്രൻസിൽ ലയിക്കാനാണ് ഇ.സി മുഹമ്മദിന്റെയും സംഘത്തിന്റെയും തീരുമാനം.
‘ഇടതുപക്ഷ ജനാധിപത്യമുന്നണി വൻ അംഗീകാരത്തോടെയാണ് വീണ്ടും അധികാരത്തിലേറിയത്. നല്ലൊരു സൽപ്പേര് ഈ സർക്കാരിനുണ്ട്. അത് ചീത്തയാക്കുന്ന തരത്തിലേക്കാണ് പിഎസ്സി വിവാദം ചെന്നെത്തി നിൽക്കുന്നതെന്ന് ഇ.സി മുഹമ്മദ് വ്യക്തമാക്കി’. സാമ്പത്തിക തിരിമറികളെക്കുറിച്ച് അഹമ്മദ് ദേവർകോവിൽ വെളിപ്പെടുത്തണമെന്നും ഇ.സി മുഹമ്മദ് ആവശ്യപ്പെട്ടു.
പാർട്ടിയിൽ പ്രസിഡന്റും സെക്രട്ടറിയും രണ്ട് തട്ടിലാണെന്നും ജനറൽ സെക്രട്ടറി സ്ഥാനത്തിരിക്കുന്നയാൾ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയാണ് സാമ്പത്തിക പ്രശ്നങ്ങൾ ഉയർന്നുവരാൻ തുടങ്ങിയതെന്നും ഇ.സി മുഹമ്മദ് വ്യക്തമാക്കി.