ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ തീരപ്രദേശങ്ങളിൽ രാമച്ച കൃഷിക്ക് പ്രത്യേക പരിഗണന നൽകണമെന്നാവശ്യപ്പെട്ട് കൃഷി മന്ത്രി പി പ്രസാദിന് ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ നിവേദനം നൽകി. നിയോജക മണ്ഡലത്തിലെ തീരദേശ പ്രദേശമായ പുന്നയൂർക്കുളം, പുന്നയൂർ പഞ്ചായത്തുകളിൽ വർഷങ്ങളായി രാമച്ച കൃഷി നടത്തി വരുന്നുണ്ട്. എന്നാൽ രാമച്ച കൃഷിയുടെ അഭിവൃദ്ധിക്കായി ഇതുവരെ പ്രത്യേക പദ്ധതികളൊന്നും ആവിഷ്കരിച്ചിട്ടില്ലെന്ന് എം.എൽ എ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വില തകർച്ച നേരിടുന്ന രാമച്ച കൃഷിക്ക് താങ്ങുവിലയും, പ്രത്യക സബ്സിഡിയും നൽകേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സബ്സിഡി മാർഗ്ഗരേഖയിൽ രാമച്ച കൃഷിയെ പ്രത്യേകം പരാമർശിക്കാത്തതിനാൽ സബ്സിഡി അനുവദിക്കുന്നതിന് സാധിക്കാത്ത സാഹചര്യമുണ്ടെന്നും ആയതിനാൽ ഈ കൃഷി മേഖലയ്ക്ക് പ്രത്യേക പ്രോത്സാഹനം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണുന്നും എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. നിവേദനം പരിശോധിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി അറിയിച്ചതായി എംഎൽഎ പറഞ്ഞു.