Saturday, November 23, 2024

മത്സരം സമനിലയിൽ; ഫ്രാൻസും പോർച്ചു​ഗലും യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ


ബുഡാപെസ്റ്റ്: നിർണായകമായ മത്സരത്തിൽ കരുത്തരായ പോർച്ചുഗലിനെ സമനിലയിൽ കുരുക്കി ഫ്രാൻസ് യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി. ഗ്രൂപ്പ് എഫിൽ നിന്നും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഫ്രാൻസിന്റെ പ്രീക്വാർട്ടർ പ്രവേശനം. തോറ്റെങ്കിലും ഗ്രൂപ്പിൽ നിന്നും മൂന്നാം സ്ഥാനക്കാരായി പോർച്ചുഗലും പ്രീക്വാർട്ടറിൽ പ്രവേശിച്ചു.

ആവേശം അലതല്ലിയ മത്സരത്തിൽ ഫ്രാൻസിനായി കരിം ബെൻസിമയും പോർച്ചുഗലിനായി ക്രിസ്റ്റിയാനോ റൊണാൾഡോയും ഇരട്ട ഗോളുകൾ നേടി.

മത്സരം തുടങ്ങിയപ്പോൾ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ചാം മിനിട്ടിൽ പോർച്ചുഗൽ നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ദുർബലമായ ഹെഡ്ഡർ ഫ്രഞ്ച് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് അനായാസം കൈയ്യിലൊതുക്കി.

15-ാം മിനിട്ടിൽ പോർച്ചുഗൽ ഗോൾകീപ്പർ റൂയി പാട്രീഷ്യോ മാത്രം മുന്നിൽ നിൽക്കേ ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഗോളെന്നുറച്ച കിക്ക് പാട്രീഷ്യോ തകർപ്പൻ സേവിലൂടെ രക്ഷപ്പെടുത്തി.

27-ാം മിനിട്ടിൽ പോർച്ചുഗലിന് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. ഡാനിലോ പെരേരയെ ഗോൾകീപ്പർ ലോറിസ് ഫൗൾ ചെയ്തതിന്റെ ഫലമായാണ് റഫറി പെനാൽട്ടി വിധിച്ചത്. ലോറിസിന് മഞ്ഞക്കാർഡ് ലഭിച്ചു.

പോർച്ചുഗലിനായി നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോയാണ് പെനാൽട്ടി കിക്കെടുത്തത്. 31-ാം മിനിട്ടിൽ ലോറിസിന് ഒരു സാധ്യതയും നൽകാതെ പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക് പന്ത് അടിച്ചുകയറ്റി റൊണാൾഡോ പോർച്ചുഗലിന് മത്സരത്തിൽ ലീഡ് സമ്മാനിച്ചു. താരത്തിന്റെ 108-ാം അന്താരാഷ്ട്ര ഗോളാണിത്. പോർച്ചുഗലിനായി അവസാന 45 മത്സരങ്ങളിൽ റൊണാൾഡോ നേടുന്ന 47-ാം ഗോളുമാണിത്.

ഗോൾ വഴങ്ങിയതോടെ ഫ്രാൻസ് ആക്രമണ ഫുട്ബോൾ കാഴ്ചവെച്ചു. എന്നാൽ ഫ്രഞ്ച് മുന്നേറ്റനിരയെ പറങ്കിപ്പട സമർഥമായി തന്നെ നേരിട്ടു. എന്നാൽ ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ കിലിയൻ എംബാപ്പെയെ പോർച്ചുഗൽ ബോക്സിൽ വെച്ച് സെമെയ്ദോ ഫൗൾ ചെയ്തതിന് ഫ്രാൻസിന് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു.

കരിം ബെൻസേമയാണ് ഫ്രാൻസിനായി കിക്കെടുത്തത്. ഗോൾകീപ്പർ റൂയി പാട്രീഷ്യോയെ കബിളിപ്പിച്ച് ബെൻസേമ പന്ത് അനായാസം വലയിലെത്തിച്ചു. ഇതോടെ ആദ്യ പകുതിയിൽ ഇരുടീമുകളും 1-1 എന്ന സ്കോറിൽ സമനില പാലിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഫ്രാൻസ് ലീഡെടുത്തു. ഇത്തവണയും കരിം ബെൻസേമയാണ് ഫ്രാൻസിനായി സ്കോർ ചെയ്തത്. 48-ാം മിനിട്ടിൽ സൂപ്പർ താരം പോൾ പോഗ്ബയുടെ അതിമനോഹരമായ പാസ് സ്വീകരിച്ച് ബോക്സിനകത്തേക്ക് കയറിയ ബെൻസേമ ഗോൾകീപ്പർ പാട്രീഷ്യോയ്ക്ക് അവസരം നൽകാതെ പന്ത് പോർച്ചുഗൽ പോസ്റ്റിലേക്കടിച്ചു. വലതുവശത്തുനിന്നും എടുത്ത ഷോട്ട് ഇടത്തേ പോസ്റ്റിലിടിച്ച് വലയിൽ കയറി. ഇതോടെ ഫ്രാൻസ് 2-1 എന്ന സ്കോറിന് മുന്നിലെത്തി.

എന്നാൽ ഫ്രാൻസിന്റെ ആഹ്ലാദത്തിന് മിനിട്ടുകൾ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. 60-ാം മിനിട്ടിൽ പോർച്ചുഗൽ ഫ്രാൻസിനെതിരേ സമനില ഗോൾ നേടി. ഇത്തവണയും പെനാൽട്ടിയിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ടീമിനായി സ്കോർ ചെയ്തത്. ബോക്സിനകത്തുവെച്ച് ഫ്രഞ്ച് പ്രതിരോധതാരം കൗണ്ടെയുടെ കൈയിൽ പന്ത് തട്ടിയതിന്റെ ഫലമായാണ് പോർച്ചുഗലിന് പെനാൽട്ടി ലഭിച്ചത്. കിക്കെടുത്ത ക്രിസ്റ്റ്യാനോ പന്ത് പായിച്ചത് വലയിലേക്ക് മാത്രമല്ല മറ്റൊരു അപൂർവമായ റെക്കോഡിലേക്കാണ്. ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകൾ നേടിയ താരം എന്ന റെക്കോഡാണ് റൊണാൾഡോ സ്വന്തമാക്കിയത്. ഇറാൻ താരം അലി ദായിയുടെ റെക്കോഡിനൊപ്പമാണ് താരമെത്തിയത്. താരത്തിന്റെ 109-ാം ഗോളായിരുന്നു ഇത്.

മറ്റൊരു റെക്കോഡും റൊണാൾഡോ ഇതുവഴി സ്വന്തമാക്കി. യൂറോ കപ്പിലും ലോകകപ്പിലുമായി ഏറ്റുമധികം ഗോൾ നേടുന്ന യൂറോപ്യൻ താരം എന്ന റെക്കോഡാണ് റൊണാൾഡോ സ്വന്തമാക്കിയത്. 21 ഗോളുകൾ നേടിക്കൊണ്ടാണ് റൊണാൾഡോ റെക്കോഡിട്ടത്.

ഗോൾ വീണതോടെ മത്സരം ആവേശക്കൊടുമുടിയിലായി. 68-ാം മിനിട്ടിൽ അവിശ്വസനീയമായ സേവ് നടത്തിക്കൊണ്ട് റൂയി പാട്രീഷ്യോ പോർച്ചുഗലിന്റെ വീരനായി മാറി. പോൾ പോഗ്ബയുടെയും ആന്റോയിൻ ഗ്രീസ്മാന്റെയും ഗോളെന്നുറച്ച രണ്ട് ഷോട്ടുകളാണ് പാട്രീഷ്യോ തുടരെത്തുടരെ തട്ടിയകറ്റിയത്. പിന്നാലെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞു കളിച്ചെങ്കിലും പിന്നീടൊരു ഗോൾ നേടാനായില്ല. മത്സരം സമനിലയിൽ കലാശിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments