വാടാനപ്പള്ളി: കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി വാടാനപ്പള്ളിയിൽ വാക്സിനേഷൻ കേന്ദ്രത്തിന് മുന്നിൽ ബി.ജെ.പി പ്രവർത്തകർ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. വാടാനപ്പള്ളി ഏഴാംകല്ല് സ്വദേശികളായ മേനോത്ത് പറമ്പിൽ സഹലേഷ് (22), സഹോദരൻ സഫലേഷ് (20), തൃപ്രയാറ്റ് പുരയ്ക്കൽ വീട്ടിൽ സജിത്ത് (26), ഗണേശമംഗലം പ്രാക്കൻ വീട്ടിൽ ബിപിൻദാസ് (31) എന്നിവരാണ് അറസ്റ്റിലായത്. തൃത്തല്ലൂർ സാമൂഹികാരോഗ്യകേന്ദ്രത്തിന് മുന്നിൽ വെച്ച് ബി.ജെ.പി പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. കൊടകര കുഴൽപ്പണ കേസിൽ ജില്ലയിലെ
ബി.ജെ.പി നേതാക്കൾക്ക് പങ്കുണ്ടെന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റാണ് സംഘർഷത്തിനിടയാക്കിയത്. വാടാനപ്പിള്ളി ഏഴാംകല്ല് ഭാഗത്തെ വിഭാഗവും വ്യാസ നഗർ ഉള്ള മറുവിഭാഗവും ഇതിനെ ചൊല്ലി സാമൂഹ്യമാധ്യമങ്ങളിൽ വാക്ക് പോരും നടത്തിയിരുന്നു. ഇതേ തുടർന്നാണ് കോവിഡ് വാക്സിൻ എടുക്കാൻ തൃത്തല്ലൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിയ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ വ്യാസനഗർ ഗ്രൂപ്പിൽ പെട്ട കിരണിന് കുത്തേല്‍ക്കുകയായിരുന്നു. ഒന്നാം പ്രതി സഹലേഷ് ആണ് കിരണിനെ കുത്തിയത്. ഈ കേസിൽ മൂന്ന് പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. കിരൺ ആശുപത്രിയിൽ ചികിൽസയിലാണ്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.