ന്യൂഡൽഹി: ഐ.ടി മാര്‍ഗനിര്‍ദേശങ്ങളെച്ചൊല്ലി കേന്ദ്രസര്‍ക്കാരും വാട്സ് ആപ്പും ഏറ്റുമുട്ടലില്‍. പുതിയ നിര്‍ദേശങ്ങള്‍ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്‍റെ ലംഘനമാണെന്ന് ആരോപിച്ച് വാട്സ് ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ക്രമസമാധാനപാലനവും രാജ്യസുരക്ഷയും സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നും വിട്ടുവീഴ്ച്ചയ്ക്കില്ലെന്നും ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കിയതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളോടു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.
സുപ്രധാന കേസുകളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമ സന്ദേശങ്ങളുടെ ഉറവിടം പുറത്തുവിടണമെന്ന നിര്‍ദേശത്തിനെതിരെയാണ് വാട്സാപ് നിയമപ്പോരാട്ടത്തിന് ഇറങ്ങിയത്. സന്ദേശങ്ങളുടെ ഉള്ളടക്കം അയക്കുന്ന വ്യക്തിക്കും സ്വീകരിക്കുന്ന വ്യക്തിക്കും മാത്രം അറിയാന്‍ കഴിയുന്ന വിധം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ നിര്‍ദേശം നടപ്പാക്കാനാവില്ലെന്ന് വാട്സാപ് വാദിക്കുന്നു. നിര്‍ദേശം ഭരണഘടന ഉറപ്പു നല്‍കുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്‍റെ ലംഘനമാണെന്നും വാട്സാപ് ചൂണ്ടിക്കാട്ടി.