ചാവക്കാട്: പുന്നയൂർക്കുളം, കടിക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസ് വിഭജിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ അക്ബർ എം.എൽ.എ റവന്യു മന്ത്രി കെ രാജന് നിവേദനം നൽകി. പുന്നയൂർക്കുളം, കടിക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസ് പുന്നയൂർക്കുളം ആൽത്തറ കുണ്ടനിയിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. കെട്ടിടത്തിൻ്റെ സ്ഥലപരിമിതി മൂലം അസൗകര്യങ്ങൾ നിലനിൽക്കുന്നുണ്ട്. പുന്നയൂർക്കുളം വില്ലേജ് പരിധിയിലെ പകുതിയിലധികം പേരും കടിക്കാട് വില്ലേജ് പ്രദേശത്തുള്ളവരാണ്. പുന്നയൂർക്കുളം വില്ലേജ് വിഭജിക്കുകയെന്നത് പുന്നയൂർക്കുളം നിവാസികളുടെ ചിരകാലാഭിലാഷമാണ്. പുന്നയൂർക്കുളത്തിൻ്റെ തീരദേശ മേഖല കടിക്കാട് വില്ലേജിന് കീഴിലാണ് വരുന്നത്. അവിടെയുള്ള ജനവിഭാഗങ്ങൾക്ക് കിഴക്കൻ പ്രദേശത്ത് പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിലേക്ക് എത്തിചേരാൻ പ്രയാസമാണ്. മുൻ എം.എൽ.എ ഇടപെട്ട് വിഭജനവുമായി ബന്ധപ്പെട്ട ഫയൽ ഭരണാനുമതിക്ക് വേണ്ടി ബന്ധപ്പെട്ട ഓഫീസിലുണ്ടെന്നും വിഭജനത്തിന് ശേഷം കടിക്കാട് വില്ലേജ് ഓഫീസ് കെട്ടിടം പണിയുന്നതിന് പനന്തറയിൽ 10 സെൻ്റ് ഭൂമി റവന്യൂ വകുപ്പ് നീക്കിവെച്ചിട്ടുള്ളതാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.