Wednesday, May 6, 2026

ഗുരുവായൂരില്‍ ബി.ജെ.പി, എസ്.ഡി.പി.ഐ വോട്ടുകള്‍ എല്‍.ഡി.എഫിന് കിട്ടി- കെ.എന്‍.എ. ഖാദര്‍

ഗുരുവായൂർ: ഗുരുവായൂരിൽ ഉൾപ്പെടെ കേരളത്തിൽ പലയിടത്തും ബി.ജെ.പി., എസ്.ഡി.പി.ഐ വോട്ടുകൾ എൽ.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്ന് ഗുരുവായൂരിലെ യു.ഡി.എഫ്. സ്ഥാനാർഥിയും മുസ്ലീംലീഗ് നേതാവുമായ കെ.എൻ.എ. ഖാദർ.

നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടി കണക്കിലെടുത്ത് യു.ഡി.എഫിൽ അടിമുടി മാറ്റം വേണം. യു.ഡി.എഫിന്റെ സംഘടനാ ദൗർബല്യവും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിൽ വന്ന വീഴ്ചയുമാണ് ഇത്തരമൊരു പരാജയത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

ഗുരുവായൂരിൽ ബി.ജെ.പി. പിന്തുണച്ച സ്ഥാനാർഥി ദിലീപ് നായർക്ക് ഇത്തവണ ആറായിരം വോട്ടാണ് കിട്ടിയത്. എസ്ഡിപിഐക്ക് രണ്ടായിരത്തോളവും. കഴിഞ്ഞ തവണ ബിജെപിക്ക് 25,000-ലേറെ വോട്ട് ലഭിച്ചിരുന്നു. ഇത്തവണ അവരുടെ 19,000 വോട്ടും എസ്ഡിപിഐ വോട്ടും എൽ.ഡി.എഫിലേക്ക് പോയി. കേരളത്തിൽ പലയിടത്തും ഇത് സംഭവിച്ചിട്ടുണ്ട്.

താഴെത്തട്ട് മുതൽ നേതൃതലം വരെ യു.ഡി.എഫിന് സംഘടനാ ദൗർബല്യമുണ്ട്. ആവശ്യമായ കാര്യക്ഷമത യു.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അങ്ങനെയാണെങ്കിൽ ഇതിനെക്കാൾ മെച്ചപ്പെട്ട സ്ഥിതി ഉണ്ടാകുമായിരുന്നു. ജനങ്ങൾ ചിലപ്പോൾ ചെറിയ കാര്യങ്ങൾക്ക് പോലും ചിലരെ ജയിപ്പിക്കും. ഒരു പാട് വികസനപ്രവർത്തനങ്ങൾ നടത്തിയ സർക്കാരായിരുന്നു ഉമ്മൻചാണ്ടിയുടേത്. പക്ഷേ, എന്നിട്ടും അന്ന് എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നു. ഇത്രമാത്രം ദ്രോഹകരമായി പ്രവർത്തിച്ചിട്ടും കേന്ദ്രത്തിൽ ബി.ജെ.പിയും ജയിച്ചു. ജനങ്ങളുടെ മനസ്സിന്റെ ഉള്ളറകളിൽ എന്താണെന്ന് മനസിലാക്കാൻ നല്ല ഹോംവർക്ക് ചെയ്യണം.

യു.ഡി.എഫിൽ മേൽത്തട്ടിൽ മാത്രമാണ് ചർച്ചകളെല്ലാം നടക്കുന്നത്. താഴെത്തട്ടിൽനിന്ന് അഭിപ്രായങ്ങൾ സ്വരൂപിക്കണം. അത് പഠിക്കണം. രാഷ്ട്രീയമായ ഉണർവ് കൈവരിക്കാനും സംഘടനാദൗർബല്യം പരിഹരിക്കാനും വളരെവേഗം ശ്രമിക്കണം. അല്ലാത്തപക്ഷം വളരെമോശമായ സ്ഥിതിവിശേഷമാകും ഉണ്ടാവുക. നേതൃമാറ്റം മാത്രമല്ല, അടിമുടിയുള്ള മാറ്റമാണ് വേണ്ടതെന്നും കെ.എൻ.എ. ഖാദർ പറഞ്ഞു.

കോൺഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യം ഉയർത്തുന്ന ബി.ജെ.പിക്ക് കേരളത്തിലെ കോൺഗ്രസ് മുന്നണി തകരുക എന്നതാണ് ലക്ഷ്യം. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സ്വാധീനമില്ലാത്തതിനാൽ കമ്മ്യൂണിസ്റ്റ് മുക്ത ഭാരതമെന്നത് അവരുടെ മുദ്രാവാക്യമല്ല. കോൺഗ്രസിനെയും അവരുടെ സംഖ്യങ്ങളെയും ഇല്ലായ്മ ചെയ്യുകയാണ് അവരുടെ ലക്ഷ്യം. അതിനായി സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ചില ധാരണകളുണ്ടായിട്ടുണ്ട്. അതെല്ലാം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പിൽ മുസ്ലീംലീഗിനും പരിക്കേറ്റിട്ടുണ്ടെന്നും കെ.എൻ.എ. ഖാദർ പറഞ്ഞു. പൊതുവിൽ യു.ഡി.എഫിന് പ്രഹരമേറ്റപ്പോൾ സംഭവിച്ചതിന്റെ അനുരണനങ്ങൾ ലീഗിനും അനുഭവിക്കേണ്ടിവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ചത് തിരിച്ചടിയായോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് പഠനം നടത്തിയിട്ടില്ലെന്നും പാർട്ടി പരിശോധിക്കുമ്പോൾ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments