Friday, November 22, 2024

പിണറായി വിജയന് പിന്നാലെ ഉമ്മൻ ചാണ്ടിക്കും കോവിഡ്

കോട്ടയം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് രണ്ട് ദിവസമായി തിരുവനന്തപുരത്തെ വസതിയിൽ നിരീക്ഷണത്തിലായിരുന്നു ഉമ്മൻ ചാണ്ടി. വൈകിട്ട് ലഭിച്ച രണ്ടാമത്തെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്ക് ഒഴിഞ്ഞതിന് പിന്നാലെയാണ് ഉമ്മൻചാണ്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർഥിയായ ഉമ്മൻചാണ്ടി, സംസ്ഥാനമാകെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു.

ഇന്ന് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് ഉമ്മൻ ചാണ്ടി. ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ഇന്ന് 4353 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6.81 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2205 പേർ ഇന്ന് രോഗമുക്തി നേടി. കോവിഡ് നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാനാണ് സർക്കാർ തീരുമാനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments