ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ കാദർ വിജയിക്കണമെന്ന ബി.ജെ.പി തൃശ്ശൂർ മണ്ഡലം സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിയുടെ പ്രസ്താവന ലീഗ് നേതൃത്വത്തെ വെട്ടിലാക്കി. എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പത്രിക തള്ളാനുണ്ടായ സാഹചര്യം ബി.ജെ.പിയുമായുള്ള രഹസ്യധാരണയെ തുടർന്നാണെന്ന എൽ.ഡി.എഫിന്റെ ആരോപണം നിലനിൽക്കെയാണ് സുരേഷ് ഗോപിയുടെ ലീഗ് അനുകൂല പ്രസ്താവനയുണ്ടായത്. ഇതോടെ യു.ഡി.എഫ് അണികളിലും ഞെട്ടലുളവാക്കിയിട്ടുണ്ട്.
നേരത്തെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം ഗുരുവായൂരിലെത്തിയ കെ.എൻ.എ കാദർ ഗുരുവായൂർ ക്ഷേത്രനടയിലെത്തി കൈക്കൂപ്പി തൊഴുതതും തുടർന്ന് നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. ഇതിനെതിരെ സമസ്ത നേതാക്കൾ രംഗത്തുവരികയും ചെയ്തിരുന്നു. ഒടുവിൽ പ്രശ്നം രമ്യതയിൽ എത്തിച്ച് വിവാദത്തിൽ നിന്നും ലീഗ് തടിയൂരി നിൽക്കുന്നതിനിടയിലാണ് സുരേഷ് ഗോപിയുടെ പ്രസ്താവനയുണ്ടായത്.
ന്യൂസ് 18 ചാനലുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടയിലാണ് ഗുരുവായൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ കാദർ വിജയിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി തന്റെ നിലപാട് വ്യക്തമാക്കിയത്